കൊച്ചി; പെരിയ ഇരട്ടക്കൊലപാതക കേസിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് കെപിസിസി മുൻ ഉപാദ്ധ്യക്ഷൻ. സി.കെ ശ്രീധരനാണ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തത്. ശ്രീധരൻ കഴിഞ്ഞ മാസം കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ഏറ്റെടുത്തത്.
കൊച്ചി സിബിഐ കോടതി കേസ് പരിഗണിച്ചപ്പോഴാണ് സി.കെ ശ്രീധരൻ പ്രതിഭാഗത്തിനായി ഹാജരായത്. കാസർഗോഡ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട കേസിൽ സിപിഎം പ്രാദേശിക നേതാക്കളടക്കം 24 പേരാണ് പ്രതികൾ. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ.
കേസിന്റെ വിചാരണ ഫെബ്രുവരി 2 നാണ് ആരംഭിക്കുക. കേസിൽ സാക്ഷികളുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറിയിട്ടുണ്ട്. 54 സാക്ഷികളെയാണ് വിസ്തരിക്കുക. 2019 ഫെബ്രുവരി 17 നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്.















