മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് വിനീത് ശ്രീനിവാസൻ. അച്ഛൻ ശ്രീനിവാസനെ പോലെ തന്നെ ഒരു സകലകലാ വല്ലഭവനാണ് താനും എന്ന് വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് തെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസൻ. ഗായകനായി മലയാള സിനിമയിലേയ്ക്ക് ചുവടു വച്ച വിനീത്, സിനിമകളിൽ നല്ലൊരു നടനായി തിളങ്ങി. ഒരുപിടി വിജയ ചിത്രങ്ങൾ സംവിധാനം ചെയ്തു കൊണ്ട് മലയാള സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള സംവിധായകനായും താരം ഉയർന്നു. ഇപ്പോഴിതാ, വിനീതിന്റെ പഴയ ഫോട്ടോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ഗായിക റിമി ടോമി.
‘ഉദയനാണ് താരം’ എന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒരുമിച്ച് പാടിയ പാട്ടാണ് ‘കരളേ…കരളിന്റെ കരളേ…’എന്ന ഗാനം. ഈ പാട്ട് ഒരു സ്റ്റേജ് ഷോയ്ക്ക് ഒരുമിച്ചു പാടുന്ന ചിത്രമാണ് റിമി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ‘അന്ന് ചോദിച്ചിരുന്നു ആരാവാൻ ആണ് ആഗ്രഹം എന്ന്, അന്ന് തന്ന മറുപടി എനിക്ക് ഒരു ഡയറക്ടർ ആവണം റിമി എന്നായിരുന്നു. പിന്നീട് അത് തെളിയിച്ചു ഇന്നത്തെ സൂപ്പർഹിറ്റ് ഡയറക്ടർ വിനീത് ശ്രീനിവാസൻ’ എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി വിനീതിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ‘തങ്ക’ത്തിലാണ് വിനീത് ഇപ്പോൾ അഭിനയിക്കുന്നത്. പ്രണവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ‘ഹൃദയ’ മാണ് വിനീതിന്റെ സംവിധാനത്തിൽ അവസാനമിറങ്ങിയ ചിത്രം. ഏറ്റവും ജനപ്രീതി നേടിയ ചിത്രത്തിനുള്ള കേരള സംസ്ഥാന അവാർഡും ഹൃദയം സ്വന്തമാക്കിയിരുന്നു.
Comments