അജ്മീർ: പാകിസ്താനിൽ കഴിയുന്ന മുസ്ലീം ജനതയേക്കാൾ സുരക്ഷിതരാണ് ഇന്ത്യയിലുള്ള ഇസ്ലാം മതവിശ്വാസികളെന്ന് അജ്മീർ ദർഗയിലെ മതപണ്ഡിതനായ ഹസ്റത്ത് സൈദ് നസറുദ്ദീൻ ചിസ്തി. ഓൾ ഇന്ത്യാ സൂഫി സജ്ജദാൻഷിൻ കൗൺസിൽ ചെയർമാനും അജ്മീർ ദർഗയിലെ മുഖ്യ മതപണ്ഡിതനുമായ നസറുദ്ദീൻ ചിസ്തി പാക് വിദേശകാര്യ മന്ത്രിയുടെ പരാമർശത്തിനെതിരെയാണ് പ്രതികരിച്ചത്.
ഇന്ത്യയിലുള്ള മുസ്ലീം ജനത പാകിസ്താനിലെ മുസ്ലീമുകളേക്കാൾ സുരക്ഷിതരാണ്. പാകിസ്താനിലെ ജീവിതത്തേക്കാൾ മെച്ചപ്പെട്ട സാഹചര്യങ്ങളിലാണ് ഇന്ത്യയിലവർ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. പാക് വിദേശ കാര്യമന്ത്രി ഇന്ത്യയെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും പറഞ്ഞത് വിഷതുല്യമായ വാക്കുകളാണ്. പരാമർശത്തെ ശക്തമായി അപലപിക്കുന്നു. പാക് വിദേശകാര്യ മന്ത്രി ബിലാവൽ ഭുട്ടോ അദ്ദേഹത്തിന്റെ പദവിയെ മാത്രമല്ല സ്വന്തം രാജ്യത്തെ മുഴുവനുമാണ് ഇകഴ്ത്തിയതെന്നും ചിസ്തി പറഞ്ഞു.
പാകിസ്താൻ ഒരു കാര്യം മനസിലാക്കണം. അവിടെയുള്ള മുസ്ലീം ജനതയേക്കാൾ ഇന്ത്യയിലെ മുസ്ലീം ജനങ്ങൾ സുരക്ഷിതരാണ്. ഒസാമ ബിൻ ലാദൻ മരിച്ചതല്ല, പാകിസ്താനിൽ വച്ച് അമേരിക്കൻ സൈന്യത്താൽ കൊല്ലപ്പെട്ടതാണെന്ന് ബിലാവൽ ഭുട്ടോ മറന്നുപോയിരിക്കുന്നു. പാകിസ്താൻ സർക്കാരിന്റെ മൂക്കിന് താഴെയിരുന്ന ബിൻ ലാദനെയാണ് അമേരിക്ക വകവരുത്തിയതെന്ന് ഭുട്ടോ ഓർക്കണമെന്നും നസറുദ്ദീൻ ചിസ്തി പറഞ്ഞു. ഇന്ത്യയെ പോലെ മഹത്തായ ഒരു രാജ്യത്തെ യാതൊരു സ്ഥിരതയുമില്ലാതെ തുടരുന്ന നിങ്ങളുടെ രാജ്യവുമായി താരതമ്യപ്പെടുത്തരുതെന്നും എല്ലാ പൗരന്മാർക്കും മതസ്വാതന്ത്ര്യം നൽകുന്നതാണ് ഇന്ത്യയുടെ ഭരണഘടനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments