ദോഹ : അർജന്റീനയ്‌ക്കായി ലോക കിരീടം ചൂടിയ ശേഷം നിർണായക പ്രഖ്യാപനം നടത്തി ലയണൽ മെസി. താൻ വിരമിക്കുന്നില്ലെന്നും, അർജന്റീനയുടെ ദേശീയ ടീമിനായി കളിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോക കിരീടം നേടിയതിന് പിന്നാലെയുള്ള ഈ പ്രഖ്യാപനം ആഘോഷങ്ങൾക്ക് ഇരട്ടിമധുരം നൽകി. ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ആരാധകർക്ക് മെസിയുടെ ഈ വാക്കുകൾ ആശ്വാസമേകി.
” ഇല്ല, അർജന്റീന ദേശീയ ടീമിൽ നിന്ന് ഞാൻ വിരമിക്കുന്നില്ല. ഒരു ചാമ്പ്യനായി കളിക്കുന്നത് തുടരാൻ ആഗ്രഹിക്കുന്നു” മെസി പറഞ്ഞു. വരാനിരിക്കുന്ന ടൂർണമെന്റിൽ അർജന്റീന വിജയിക്കുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും മെസി കൂട്ടിച്ചേർത്തു.
അടുത്ത ലോക കപ്പിൽ താനുണ്ടാകില്ലെന്ന് 35 കാരമായ മെസി പ്രഖ്യാപിച്ചത് ആരാധകരെ സങ്കടത്തിലാഴ്‌ത്തിയിരുന്നു. എന്നാൽ അർജന്റീനയുടെ ജഴ്‌സിയിൽ നിന്ന് അടുത്തെങ്ങും വിരമിക്കുന്നില്ലെന്നും കളി നിർത്തില്ലെന്നുമാണ് താരം പറയുന്നത്.
ഖത്തർ ഫുട്‌ബോൾ ലോകകപ്പിൽ കിരീടം നിലനിർത്താനിറങ്ങിയ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ 4-2 തകർത്തുകൊണ്ടാണ് അർജന്റീന മൂന്നാമത്തെ തവണ കപ്പുയർത്തിയത്. 2014ൽ കൈയ്യിൽ നിന്ന് വഴുതിപ്പോയ ലോക കിരീടം അങ്ങനെ 2022ൽ മെസിയുടെ കൈകളിലേക്ക് തന്നെയെത്തി. എക്സ്ട്രാ ടൈമിൽ മത്സരം 3-3ന് തുല്യത പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ ലയണൽ മെസി നേടിയപ്പോൾ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരത്തിനുള്ള ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെക്ക് ലഭിച്ചു. ഏറ്റവുമധികം ലോകകപ്പ് മത്സരങ്ങൾ കളിച്ചതിന്റെ എക്കാലത്തെയും റെക്കോർഡും മെസി സ്വന്തമാക്കി.













