കോഴിക്കോട്: ലോകശ്രദ്ധ നേടിയ പുള്ളാവൂരിലെ മെസ്സിയുടെ കട്ടൗട്ടിന് വീരോചിതമായ മടക്കം. തങ്ങളുടെ പ്രിയപ്പെട്ട മിശിഹ ലോകകപ്പ് നേടിയതിന്റെ ആഹ്‌ളാദത്തിൽ ആഘോഷപൂർവ്വമായിരുന്നു പുള്ളാവൂരിലെ അർജന്റീന ഫാൻസ് മെസ്സിയുടെ കട്ടൗട്ട് നീക്കം ചെയ്തത്. ഫിഫ ലോകകപ്പ് ഫുട്‌ബോൾ മത്സരങ്ങൾ അവസാനിച്ച സാഹചര്യത്തിലാണ് ആരാധകരുടെ നടപടി.
കോഴിക്കോട് ജില്ലയിലെ പുള്ളാവൂർ എന്ന കൊച്ചുഗ്രാമത്തെ ലോകം മുഴുവൻ പ്രസിദ്ധമാക്കിയത് പ്രിയതാരം മെസ്സിയുടെ കട്ടൗട്ടായിരുന്നു. താരരാജാവിന്റെ 30 അടി നീളമുള്ള കട്ടൗട്ട് പുഴയിലെ തുരുത്തിൽ നിന്നും ഒടുവിൽ ആരാധകർ നീക്കി. പുള്ളാവൂർ പുഴയിൽ മറ്റ് ഫുട്‌ബോൾ താരങ്ങളുടെ കട്ടൗട്ട് ഉണ്ടായിരുന്നെങ്കിലും ആദ്യം ഉയർന്നത് മെസ്സി ആയിരുന്നു.
മെസ്സിയുടെ കട്ടൗട്ട് ഉയർന്നതിന്റെ പിറ്റേന്ന് തന്നെ ബ്രസീൽ ഫാൻസ് നെയ്മറുടെ കട്ടൗട്ട് സ്ഥാപിച്ചു. ഒരാഴ്ചക്കുള്ളിൽ പോർച്ചുഗൽ ഫാൻസ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ടും ഉയർത്തി. പുള്ളാവൂർ എന്ന കൊച്ചുഗ്രാമത്തിലെ ജനങ്ങളുടെ ഫുട്‌ബോൾ ആരാധന ഫിഫയും സാക്ഷാൽ മെസ്സിയുമടക്കം ഏറ്റെടുത്തതോടെ സംഭവം ലോകശ്രദ്ധ നേടി.
പുള്ളാവൂർ പുഴയിൽ ആദ്യമുയർന്ന മെസ്സിയുടെ കട്ടൗട്ട് ഇതിഹാസ താരം ലോകകപ്പുയർത്തിയ ശേഷവും അവിടെ തന്നെ ഉണ്ടായിരുന്നു. ഒടുവിൽ ലയണൽ മെസ്സി കിരീടവുമായി സ്വന്തം നാടായ അർജന്റീനയിൽ തിരിച്ചെത്തിയപ്പോഴാണ് കട്ടൗട്ടും നീക്കിയത്. പ്രിയ മെസ്സിയുടെ കട്ടൗട്ട് നീക്കുന്നതിന്റെ വേദന ഉള്ളിലുണ്ടായിരുന്നെങ്കിലും ഇഷ്ടതാരം ലോകകപ്പ് നേടിയതിന്റെ സന്തോഷം കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷിച്ച് പുള്ളാവൂരിലെ ഫുട്‌ബോൾ ആരാധകർ കിരീട നേട്ടത്തെ അവിസ്മരണീയമാക്കുകയാണ്.
Comments