കൊച്ചി: ജ്യൂസ് കുടിച്ചതിനെ തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ 11 വർഷത്തിന് ശേഷം സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. പുനലൂരിലെ ബേക്കറിയിൽ നിന്നും ജ്യൂസ് കുടിച്ചതിനെ തുടർന്ന്പത്താം ക്ലാസ് വിദ്യാർത്ഥി റാണാ പ്രതാപ് സിങ് മരിച്ച സംഭവത്തിലാണ് അന്വേഷണത്തിന് ഉത്തരവ്.
2011 ലായിരുന്നു റാണാ പ്രതാപ് സിങിന്റെ മരണം. സി.ബി.ഐ അന്വേഷണത്തിലൂടെ സത്യം പുറത്തു കൊണ്ടു വരണമെന്ന് കോടതി പറഞ്ഞു. കേസ് രേഖകൾ സിബിഐയ്‌ക്ക് കൈമാറാനും പോലീസിന് നിർദേശം നൽകി.
എസ്എസ്എൽസി പരീക്ഷ കഴിഞ്ഞ ശേഷം സുഹൃത്തുക്കൾക്കൊപ്പമാണ് റാണാ പ്രതാപ് സിങ് ബേക്കറിയിൽ നിന്ന് ജ്യൂസ് വാങ്ങി കുടിച്ചത്. ഒരു മണിക്കൂറിന് ശേഷം മരിക്കുകയായിരുന്നു. സുഹൃത്തുക്കൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഒന്നും ഉണ്ടായില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സുധീന്ദ്ര പ്രസാദ് ആണ് കോടതിയെ സമീപിച്ചത്.
എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നു. 2017 ലായിരുന്നു ഇത്. നരഹത്യയാണെന്ന ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ലഭിച്ചെങ്കിലും കൂടുതൽ തെളിവുകൾ ലഭിച്ചില്ല. ഹർജി പരിഗണനയിലിരിക്കെ പിതാവ് സുധീന്ദ്ര പ്രസാദ് മരിച്ചു. തുടർന്ന് ഇയാളുടെ മറ്റൊരു മകനെ കക്ഷി ചേർത്താണ് കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments