ന്യൂഡൽഹി: ജമ്മു കശ്മീരിലെ ബിജെപി നേതാക്കളെ വധിക്കാൻ പട്ടിക തയ്യാറാക്കി നിരോധിത ഭീകര സംഘടനയായ ലഷ്കർ ഇ ത്വയിബയുടെ ഉപവിഭാഗമായ ദി റസിസ്റ്റൻസ് ഫ്രണ്ട് (ടി ആർ എഫ്). ഇന്ത്യയിൽ ജിഹാദിന്റെ ശത്രു ബിജെപി ആണെന്ന് ടി ആർ എഫ് ഓൺലൈൻ മുഖപത്രത്തിൽ വിശദീകരിക്കുന്നു. ജിഹാദിന്റെ ശത്രുക്കൾ എന്ന പേരിൽ, കൊല്ലപ്പെടേണ്ട ബിജെപി നേതാക്കളുടെ പട്ടികയും സംഘടന പുറത്ത് വിട്ടിട്ടുണ്ട്.
ബിജെപി നേതാക്കളുടെ വിലാസവും ഫോൺ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങളാണ് ഭീകര സംഘടന പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ പട്ടിക ഒരു തുടക്കം മാത്രമാണെന്നും, ബിജെപി നേതാക്കളെയും പ്രവർത്തകരെയും എണ്ണിയെണ്ണി കൊലപ്പെടുത്തുമെന്നും ടി ആർ എഫ് ഭീഷണിപ്പെടുത്തുന്നു.
നേരത്തേ, കൊല്ലപ്പെടേണ്ടവർ എന്ന പേരിൽ 57 കശ്മീരി പണ്ഡിറ്റുകളുടെ പേര് ടി ആർ എഫ് പുറത്തുവിട്ടിരുന്നു. പ്രധാനമന്ത്രിയുടെ പുനരധിവാസ പദ്ധതി പ്രകാരം ജമ്മു കശ്മീരിൽ മടങ്ങിയെത്തി വിവിധ വകുപ്പുകളിൽ ജോലി നോക്കുന്നവരായിരുന്നു ഇവർ.
എന്നാൽ, സംഘടനയുടെ ഭീഷണി തള്ളിക്കളയുന്നതായി ബിജെപി വ്യക്തമാക്കി. ദേശീയവാദികൾക്കെതിരെ ഇത്തരം ഭീഷണികളൊന്നും വിലപ്പോവില്ലെന്ന് ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കവീന്ദർ ഗുപ്ത പറഞ്ഞു. ദേശവിരുദ്ധ ശക്തികളുടെ ഭീഷണികളെ ആത്മാഭിമാനം കൊണ്ട് നേരിട്ടാണ് സംഘടന ഇതുവരെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിന്റെ വികസനത്തിന് വേണ്ടിയും, താഴ്വരയിൽ ശാശ്വത സമാധാനം നിലനിർത്തുന്നതിന് വേണ്ടിയും ബിജെപി അതിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരും ഇന്ത്യയുടെ അഭിമാനമായ സൈനികരും ഭീകരതയുടെ ചിറകരിയുമെന്നും കവീന്ദർ ഗുപ്ത വ്യക്തമാക്കി.
Comments