ഭോപ്പാൽ; പക്ഷാഘാതത്തിന് മരുന്നായി മണ്ണെണ്ണ കുടിക്കാനുളള ഭാര്യയുടെ ഉപദേശം അനുസരിച്ച 42 കാരന് ദാരുണാന്ത്യം. ഭോപ്പാലിലെ ബെതൂൾ ജില്ലയിലാണ് സംഭവം. രൂപ്കൃഷ്ണ മഗാർദെ എന്നയാളാണ് മരിച്ചത്. ഒരാഴ്ച ഇയാൾ ചികിത്സയിലായിരുന്നു.
പത്ത് ദിവസങ്ങൾക്ക് മുൻപാണ് രൂപ്കൃഷ്ണയ്‌ക്ക് പൊടുന്നനെ പക്ഷാഘാതം ഉണ്ടായത്. ഇയാളുടെ ശരീരത്തിന്റെ പകുതിയോളം തളർന്നുപോയിരുന്നു. എന്നാലും ഇയാൾ ആശുപത്രിയിലെത്താനോ ചികിത്സ തേടാനോ തയ്യാറായില്ല. ഇതിനിടയിലാണ് ഡിസംബർ 15 ന് ഭാര്യയുടെ ഉപദേശപ്രകാരം ഇയാൾ മണ്ണെണ്ണ കുടിച്ചത്. മണ്ണെണ്ണ കുടിച്ചാൽ രോഗം ഭേദമാകുമെന്നായിരുന്നു ഭാര്യയുടെ ഉപദേശം.
ഇതോടെ അവശ നിലയിലായ രൂപ്കൃഷ്ണയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് എഎസ്‌ഐ ജെഎസ് സെങ്കാർ പറഞ്ഞു. ഹമീദിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസമാണ് ഇയാൾ മരിച്ചത്. പോസ്റ്റുമോർട്ടം നടത്തിയ ശേഷമാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി അശോക ഗാർഡൻ പോലീസ് അറിയിച്ചു. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
Comments