സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉണ്ണിമുകുന്ദൻ ചിത്രമാണ് മാളികപ്പുറം. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. വലിയ സ്വീകരണമാണ് ഗാനങ്ങൾക്കും ട്രെയിലറിനും സിനിമാ പ്രേമികളിൽ നിന്നും അയ്യപ്പ ഭക്തരിൽ നിന്നും ലഭിച്ചത്. ഡിസംബർ 30-നാണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ, സിനിമയ്‌ക്കായി കാത്തിരിക്കുന്നവരുടെ ആവേശം ഇരട്ടിയാക്കുന്ന പോസ്റ്ററുകളാണ് അണിയറ പ്രവർത്തകർ പുറത്തു വിടുന്നത്. സാക്ഷാൽ അയ്യപ്പനായിട്ടാണോ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത് എന്ന് തോന്നി പോകുന്ന പോസ്റ്ററുകളാണ് ഒരോന്നായി പുറത്തു വരുന്നത്.
മലയാളം,തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായിരിക്കും ചിത്രം റിലീസിനെത്തുക. ക്ലീൻ യു സർട്ടിഫിക്കറ്റാണ് മാളികപ്പുറത്തിന് ലഭിച്ചിരിക്കുന്നത്. എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’. ഉണ്ണിമുകുന്ദനൊപ്പം ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മണ്ഡലകാലത്ത് തിയറ്ററിലെത്തുന്ന ചിത്രം അയ്യപ്പ ഭക്തർക്കുള്ള തന്റെ സമർപ്പണമാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.
വിഷ്ണു ശശി ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ആൽഫി പഞ്ഞിക്കാരൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം-വിഷ്ണുനാരായണൻ, സംഗീതം,പശ്ചാത്തല സംഗീതം- രഞ്ജിൻ രാജ്. ആന്റോ ജോസഫും വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Comments