ലക്‌നൗ: വിചിത്ര പ്രഖ്യാപനവുമായി ഇസ്ലാമിക പുരോഹിതർ. ഡിജെയും, നൃത്തവുമുള്ള വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുകയോ, കാർമ്മികത്വം വഹിക്കുകയോ ചെയ്യില്ലെന്നാണ് പ്രഖ്യാപനം. ഉത്തർപ്രദേശിലെ ബുലന്ദേശ്വർ ജില്ലയിലെ ഇസ്ലാമിക പുരോഹിതരാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഉലമകളുടെയും, പുരോഹിതരുടെയും യോഗത്തിൽ ഖാസി ഇ ഷഹർ മൗലാന ആരിഫ് ഖാസിമിയാണ് ഇക്കാര്യം അറിയിച്ചത്. ഡിജെ, പാട്ട്, നൃത്തം എന്നിവയുള്ള നിക്കാഹുകൾക്ക് കാർമ്മികത്വം വഹിക്കുകയോ, പങ്കെടുക്കുകയോ ചെയ്യില്ല. പാട്ടും നൃത്തവും ഇസ്ലാമിക സംസ്‌കാരത്തിന്റെ ഭാഗമല്ല. വിവാഹത്തിൽ ഡിജെയും നൃത്തവും എല്ലാം ആർഭാടമാണ്. ഇതിനായി ധാരാളം പണം ചിലവാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തെ തിന്മകളിൽ നിന്നും രക്ഷിക്കുകയാണ് ഉലമകളുടെ കർത്തവ്യം. കുട്ടികളുടെ ഭാഗത്തു നിന്നും അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാകുന്നില്ലെന്ന കാര്യവും ഉറപ്പുവരുത്തണമെന്നും മൗലാന വ്യക്തമാക്കി.















