തിരുവനന്തപുരം: ജയരാജ പോരിൽ പ്രതികരിക്കേണ്ടെന്ന് സിപിഎം. വിഴുപ്പലക്കൽ പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന വിലയിരുത്തലിലാണ് നേതാക്കൾക്ക് മാദ്ധ്യമവിലക്ക് ഏർപ്പെടുത്തിയത്. പി.ജയരാജന്റെ പരാതി മാദ്ധ്യമ
സൃഷ്ടിയാണെന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ശ്രമിച്ചതും രാഷ്ട്രീയ പ്രതിസന്ധികൾ മുന്നിൽ കണ്ടാണ്.
പി.ജയരാജന്റെ ആരോപണം സംസ്ഥാന സെക്രട്ടറിയുടെ അറിവോടെയായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. അത് മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നത് പാർട്ടിയെ പ്രതിരോധത്തിൽ ആക്കി. ഇ പി ജയരാജന്റെ അഴിമതി പണമാണ് കണ്ണൂർ ആയുർവേദ റിസോർട്ടിൽ നിക്ഷേപിച്ചത് എന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. വടകര തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പും കൊട്ടേഷൻ ബന്ധങ്ങളും പി ജയരാജനും തിരിച്ചടിയാകും.
സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം വീണ്ടും ചർച്ചകളിൽ നിറയുന്നത് നേതൃത്വത്തെ പ്രതിരോധത്തിലാക്കും. അതിനാൽ തന്നെ ജയരാജന്മാരുടെ വീഴുപ്പലക്കൽ പാർട്ടിയിലെ മറ്റ് നേതാക്കളെയും ബാധിച്ചേക്കും എന്ന ആശങ്ക മുഖ്യമന്ത്രി അടക്കമുള്ള മുതിർന്ന നേതാക്കൾക്കുണ്ട്. പി.ജയരാജന്റ ആരോപണത്തിൽ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയും യുഡിഎഫും രംഗത്തെത്തി. കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് പാർട്ടി കടന്ന് പോകുന്നത്. അതിനാൽ തന്നെ പതിവുപോലെ മാദ്ധ്യമങ്ങളെ പഴിചാരി ഇ പി – പി ജെ പോരിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം ശ്രമം.
പാർട്ടി സെക്രട്ടറി തന്നെ ആരോപണം തള്ളിക്കളഞ്ഞ സാഹചര്യത്തിൽ ഇ പി ജയരാജനും കടുത്ത നീക്കങ്ങളിലേക്ക് ഇനി കടക്കാൻ ഇടയില്ല. പി ജയരാജനും പരസ്യ പ്രതികരണങ്ങളിൽ നിന്ന് വിട്ടു നിൽക്കുകയാണ്. അതേസമയം തെറ്റുതിരുത്തൽ രേഖ ചർച്ച ചെയ്യുന്ന അവസരത്തിൽ നേതാക്കൾക്കെതിരെയുള്ള ആരോപണങ്ങൾ സ്വാഭാവികമായും ചർച്ച ചെയ്യേണ്ടിവരും. ജയരാജൻമാരുടെ വിഷയത്തിൽ മറ്റു നേതാക്കളുടെ നിലപാടും നിർണായകമാകും.
Comments