റായ്പൂർ: ഭാര്യയുടെ മദ്യപാനം കൊണ്ട് പൊറുതിമുട്ടിയ ഭർത്താവിന്റെ വിവാഹമോചന ഹർജി അംഗീകരിച്ച് കോടതി. ഛത്തീസ്ഗഡ് കോടതിയുടേതാണ് നിർണായക ഉത്തരവ്. മാംസാഹാരങ്ങൾ കഴിച്ചും, ഗുട്കയും പാൻ മസാലയും ചവച്ചും, മദ്യപിച്ചും സ്ത്രീ ഭർത്താവിനെ ബുദ്ധിമുട്ടിപ്പിക്കുന്നത് കുറ്റകരമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. അതിനാൽ ഭർത്താവ് വിവാഹമോചനത്തിന് അർഹനാണെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് ഗൗതം ഭാദുരിയും ജസ്റ്റിസ് രാധാകൃഷ്ണൻ അഗർവാളും അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്. ഛത്തീസ്ഗഡിലെ ബങ്കി മോംഗ്ര സ്വദേശിയാണ് ഹർജിക്കാരൻ. വിവാഹം കഴിഞ്ഞ് ഏഴാം ദിവസം തന്റെ ഭാര്യ മദ്യപിച്ച് ബോധരഹിതയായി കിടക്കുന്ന കാഴ്ചയാണ് കണ്ടതെന്ന് ഹർജിക്കാരൻ പറയുന്നു. എന്താണ് ഭാര്യയ്‌ക്ക് സംഭവിച്ചതെന്നറിയാതെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അവർ മദ്യപാനത്തിനും മറ്റ് ദുശീലങ്ങൾക്കും അടിമയാണെന്ന് ഡോക്ടർമാർ അറിയിച്ചു. ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് ദുശീലങ്ങൾ തടസമാകുമെന്നും മദ്യപാനം ഉപേക്ഷിക്കണമെന്നും വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാൻ ഭാര്യ തയ്യാറായില്ല.
ദിവസങ്ങൾ പിന്നിട്ടപ്പോൾ ഭാര്യ തന്റെ ബെഡ്‌റൂമിൽ പോലും ഗുഡ്ക ചവിച്ച് തുപ്പിയിടാൻ തുടങ്ങി. ഇക്കാര്യം പറഞ്ഞ് ദിവസവും വഴക്കായി. ഒരു ദിവസം ഭാര്യ ജീവനൊടുക്കാൻ ശ്രമിച്ചുവെന്നും ഹർജിക്കാരൻ പറഞ്ഞു. ഭർത്താവിന്റെ വാദങ്ങൾ കേട്ട ഛത്തീസ്ഗഡ് കോടതി വിവാഹ മോചന ആവശ്യം അംഗീകരിക്കുകയായിരുന്നു. കുടുംബ കോടതി വിവാഹ മോചനം നിഷേധിച്ചതിനെ തുടർന്നായിരുന്നു ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
Comments