മുംബൈ: മഹാരാഷ്‌ട്ര നിയമസഭ ലോകായുക്ത ബില്ല് പാസാക്കി. സംസ്ഥാന ആഭ്യന്തര മന്ത്രി ദീപക് കേസാർക്കറാണ് ബില്ല് സഭയിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രിയും ക്യാബിനറ്റും ലോകായുക്തയുടെ പരിധിയിൽ വരുന്ന ബില്ലാണ് മഹാരാഷ്‌ട്ര പാസാക്കിയത്.
മുഖ്യമന്ത്രിയ്‌ക്കെതിരായ അന്വേഷണത്തിന് നിയമസഭയുടെ മൂന്ന് രണ്ട് ഭൂരിപക്ഷം വേണമെന്നതാണ് നിലവിലെ വ്യവസ്ഥ. അതേ സമയം പൊതുസുരക്ഷ- ആഭ്യന്തര സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി എടുക്കുന്ന തീരുമാനങ്ങളെ ചോദ്യം ചെയ്യാനോ അതിനെതിരെ അന്വേഷണം നടത്താനോ ലോകായുക്തയ്‌ക്ക് അധികാരമുണ്ടായിരിക്കില്ലെന്നും സഭയിൽ അവതരിപ്പിച്ച പ്രമേയം വ്യക്തമാക്കുന്നു.
അഴിമതി രഹിത ഭരണമെന്നത് സർക്കാറിന്റെ പ്രഖ്യാപിത നയമാണ്. സംസ്ഥാന ഭരണകൂടത്തോടും മന്ത്രിമാരോടും ജനങ്ങളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാൻ എല്ലാവരും ലോകായുക്തയുടെ കീഴിൽ വരിക എന്നതും ഭരണഘടനാ പരമായ കടമകൂടിയാണെന്നും ദീപക് കേസർകാർ പറഞ്ഞു.
ലോകായുക്തയുടെ ചെയർപേഴ്‌സൺ സ്ഥാനത്ത് നിലവിലുള്ളതോ വിരമിച്ചതോ ആയ ഏതെങ്കിലും ഹൈക്കോടതിയിലെ മുഖ്യന്യായാധിപനായിരിക്കണം എന്നതാണ്. ഒപ്പം ലോകായുക്തയിൽ സുപ്രീംകോടതിയിലേയോ മുംബൈ ഹൈക്കോടതിയിലേയോ ഒരു ന്യായാധിപൻ കൂടി അംഗമായിരിക്കും. നാല് അംഗങ്ങളടങ്ങുന്ന തരത്തിലാണ് മഹാരാഷ്‌ട്രയിലെ ലോകായുക്തയുടെ ഘടന തീരുമാനിച്ചിരിക്കുന്നത്.
ലോകായുക്തയെ തിരഞ്ഞെടുക്കുന്ന സമിതിയിൽ നിലവിലെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിലവിലെ നിയമസഭാ സ്പീക്കർ, നിയമസഭാ കൗൺസിലിലെ സ്പീക്കർ എന്നിവരുണ്ടായിരിക്കും. ഇവർക്കൊപ്പം മുംബൈ ഹൈക്കോടതിയിലെ മുഖ്യന്യായാധിപനോ അല്ലെങ്കിൽ അദ്ദേഹം നിർദ്ദേശിക്കുന്ന ഒരു ന്യായാധിപനോ ഉണ്ടായിരിക്കുമെന്നും നിയമസഭയിൽ കേസർകാർ വിശദീകരിച്ചു.
Comments