കാൽ തരിക്കാറുണ്ടോ? പതിവായി സംഭവിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം; ഈ രോഗങ്ങളുടെ ലക്ഷണമാകാം..

Published by
Janam Web Desk

കാലിന് തരിപ്പുണ്ടാകുകയെന്നത് സർവ്വ സാധാരണമായി എല്ലാവർക്കും അനുഭവപ്പെടാറുള്ള ഒന്നാണ്. ഏറെ നേരം ഒരേ രീതിയിൽ തന്നെ ഇരിക്കുമ്പോഴാണ് കാലുകൾ തരിക്കുക. ഒരേ പൊസിഷനിൽ കുറെ നേരം ഇരിക്കുമ്പോൾ കാലിലെ ഞരമ്പുകൾ ഞെരുങ്ങുന്നു. തുടർന്ന് ആ ഭാഗത്തേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നു. ഇതോടെ കാലിൽ തരിപ്പും മരവിപ്പും ഉണ്ടാകുന്നു. വളരെ കുറച്ചുസമയത്തേക്കാണ് ഇതുപോലെ തരിപ്പ് അനുഭവപ്പെടുക. നാം ഇരുന്നിരുന്ന പൊസിഷനിൽ നിന്ന് മാറി എഴുന്നേറ്റ് നിൽക്കുമ്പോൾ രക്തപ്രവാഹം സാധാരണ നിലയിലാകും. തരിപ്പിന് ആശ്വാസം ലഭിക്കുകയും ചെയ്യും.

എന്നാൽ ഗുരുതരമായ ചില രോഗങ്ങളുടെ ലക്ഷണവുമാകാം ഇത്തരം തരിപ്പ്. മൾട്ടിപ്പിൾ സ്‌ക്ലിറോസിസ്, പ്രമേഹം, ടാർസൽ ടണൽ സിൻഡ്രോം, പെരിഫറൽ ആർട്ടറി രോഗം, ഫ്രോസ് ബൈറ്റ് എന്നീ രോഗങ്ങൾ മൂലവും കാലിൽ തരിപ്പ് അനുഭവപ്പെട്ടേക്കാം. സ്ഥിരമായി കാലുകൾക്ക് മരവിപ്പ് സംഭവിക്കുന്നുണ്ടെങ്കിൽ, ഒരേ ഭാഗത്ത് തന്നെ വീണ്ടും വീണ്ടും തരിപ്പ് ഉണ്ടാകുന്നുവെങ്കിൽ തീർച്ചയായും ഡോക്ടറെ കാണേണ്ടതാണ്.

കാൽ തരിപ്പ് ഉണ്ടാകുന്നതിനോടൊപ്പം ഓക്കാനം വരിക, കാലിൽ അസഹനീയമായ വേദന, കാലുകളിലെ രോമങ്ങൾ കൊഴിയുക, മലബന്ധം, തലചുറ്റൽ, ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ നിർബന്ധമായും ഡോക്ടറെ സമീപിക്കണം. എത്രയും വേഗം ചികിത്സയാരംഭിച്ചാൽ രോഗത്തിന് പരിഹാരം കാണാൻ സാധിച്ചേക്കും.

കാൽ തരിച്ചാൽ അതുമാറാൻ ഉടൻ തന്നെ ഇരിക്കുന്ന പൊസിഷനിൽ നിന്ന് എഴുന്നേറ്റ് നിൽക്കുക. എഴുന്നേറ്റ് നിൽക്കുമ്പോൾ രക്തയോട്ടം ശരിയായ നിലയിൽ ആകുകയും തരിപ്പ് മാറുകയും ചെയ്യും. അതുമല്ലെങ്കിൽ കാലിൽ മൃദുവായി തലോടുക. ചെറിയ തോതിൽ മസാജ് ചെയ്യുക. അവിടെ രക്തയോട്ടം സാധാരണ നിലയിലാവുകയും തരിപ്പ് മാറുകയും ചെയ്യും.

Share
Leave a Comment