ബംഗളുരു: ലൈംഗിക, സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങള്‍ നേരിടുന്ന മൈസൂര്‍ ബിഷപ്പ് കനികദാസ് എ വില്യംസിനെ സ്ഥാനത്ത് നിന്ന് നീക്കി വത്തിക്കാന്‍. വൈദികരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. വിവാഹം കഴിക്കാന്‍ അനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് മക്കള്‍ ഉണ്ടെന്നുള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് വൈദികര്‍ ബിഷപ്പ് കനികദാസിനെതിരെ ഉന്നയിച്ചിരിക്കുന്നത്.
ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും ജോലി നല്കണമെങ്കില് തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടതായി സ്ത്രീ പരാതിപ്പെട്ടിരുന്നു. സഭാ ഫണ്ടില്‍ തിരിമറി നടത്തിയതായി ചൂണ്ടിക്കാട്ടി 37 വൈദികര്‍ ബിഷപ്പിനെതിരെ വത്തിക്കാനില്‍ പരാതി നല്‍കിയിരുന്നു. ഇവയെല്ലാം പരിഗണിച്ചാണ് കനികദാസിനോട് മാറി നില്ക്കാന് സഭ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
പരാതി ലഭിച്ച് നാല് വര്‍ഷത്തെ അന്വേഷണ ശേഷമാണ് കനികദാസിനെ ചുമതലയില്‍ നിന്നും മാറ്റിയത്. തനിക്കെതിരെ പരാതി നല്കിയ വൈദികര്‍ക്കെതിരെ ബിഷപ്പ് പ്രതികാര നടപടികള്‍ സ്വീകരിച്ചിരുന്നു. 37 വൈദികരെയും ഒറ്റയടിക്ക് വിവിധ ഇടങ്ങളിലേക്ക് സ്ഥലമാറ്റി. 1993 ല്‍ വൈദികനായ കനികദാസ് 2017 ലാണ് മൈസൂര്‍ ബിഷപ്പാകുന്നത്.
Comments