കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തെ വർഗീയ പ്രചാരണത്തിനുള്ള വേദിയാക്കി മാറ്റാനുള്ള ചിലരുടെ ആസൂത്രിതമായ ശ്രമത്തിന്റെ ഭാഗമാണ് പഴയിടത്തിനെതിരെ നടന്ന ജാതീയമായ അധിക്ഷേപവും സ്വാഗതഗാനത്തെ കുറിച്ചുള്ള വിവാദവുമെന്ന് കെ. സുരേന്ദ്രൻ. രണ്ടിനും നേതൃത്വം നൽകിയത് ഭരണകക്ഷിയിലെ നേതാക്കൻമാരും വി.ടി ബൽറാമിനെ പോലുള്ള മാർക്സിസ്റ്റ് മനസുള്ള കോൺഗ്രസുകാരുമാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി.
പഴയിടത്തെ കലോത്സവത്തിൽ നിന്നും ഓടിക്കാൻ ഇവരുടെ വിദ്വേഷ പ്രചാരണത്തിന് സാധിച്ചു. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച കോഴിക്കോട്ടുകാരനായ ക്യാപ്റ്റൻ വിക്രമിന്റെ പേരിലുള്ള വിക്രം മൈതാനിയിൽ നടന്ന കലോത്സവത്തിന്റെ സ്വാഗതഗാനത്തിൽ വീരജവാൻമാരെ അനുസ്മരിച്ച രംഗം ചിത്രീകരിച്ചതാണ് മതവർഗീയവാദികളെ അസ്വസ്ഥരാക്കുന്ന മറ്റൊരു കാര്യം. രാജ്യത്തെ ആക്രമിക്കാനെത്തിയ ഭീകരവാദിയെ സൈന്യം കീഴടക്കിയ രംഗം ഒരു മതവിഭാഗത്തിന് എതിരെയുള്ളതാണെന്ന ബാലിശമായ ആരോപണവുമായി ആദ്യം രംഗത്ത് വന്നത് ജമാഅത്തെ ഇസ്ലാമിയുടെ പത്രമായിരുന്നു. തുടർന്ന് അത് മുസ്ലിംലീഗും കോഴിക്കോട്ടെ ഒരു വിഭാഗം മാദ്ധ്യമങ്ങളും ഏറ്റെടുക്കുകയും വർഗീയ വിദ്വേഷം അഴിച്ചുവിടുകയും ചെയ്തുവെന്ന് സുരേന്ദ്രൻ പറഞ്ഞു.
എന്നാൽ ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് മുസ്ലിംലീഗിന്റെ മെഗാഫോണായി വർഗീയത വിളമ്പുന്നത് കണ്ടു. സ്വാഗതഗാനത്തിലെ സംഘപരിവാർ ബന്ധം അന്വേഷിക്കണമെന്നാണ് റിയാസ് പറയുന്നത്. സ്വാഗതഗാനം എഴുതിയത് പ്രമുഖ സിപിഐ നേതാവും അത് ചിട്ടപ്പെടുത്തിയതും ദൃശ്യാവിഷ്ക്കാര സംവിധാനം ചെയ്തതും സജീവ ഇടതുപക്ഷ പ്രവർത്തകരുമാണ്. രാജ്യത്തിന്റെ സൈനികരെ സ്മരിക്കുന്ന ആ രംഗം കണ്ട ആർക്കും അതിൽ ഒരു വർഗീയതയും കാണാൻ സാധിച്ചിട്ടില്ല. മുഹമ്മദ് റിയാസിനും മുസ്ലിംലീഗിനും മൗദൂദികൾക്കും ഒരേ സ്വരമാവുന്നത് എന്തുകൊണ്ടെന്ന് ഇടതുപക്ഷ അണികൾ ആലോചിക്കുന്നത് നന്നാവുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പ്രതികരിച്ചു.
Comments