ഭുവനേശ്വര്‍: ഒഡീഷയില്‍ നടക്കുന്ന ഹോക്കി ലോകകപ്പില്‍ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ഇന്ന് രാത്രി ഏഴ് മണിക്ക് റൂര്‍ക്കേലയില്‍ നടക്കുന്ന ചടങ്ങില്‍ സ്‌പെയ്‌നാണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ന് ഉച്ചയ്‌ക്ക് ഒരു മണിക്ക് ഭുവനേശ്വറില്‍ നടക്കുന്ന ടൂര്‍ണമെന്റിലെ ആദ്യമത്സരത്തില്‍ അര്‍ജന്റീന ദക്ഷിണാഫ്രിക്കയെ നേരിടും.
വളരെ പ്രതീക്ഷയോടെയാണ് ഹര്‍മന്‍പ്രീത് സിംഗ് നയിക്കുന്ന ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. മലയാളി താരം പിആര്‍ ശ്രീജേഷും ടീമിലുണ്ട്. അവസാനമായി 1975ലാണ് ഇന്ത്യ ഹോക്കി വിശ്വകിരീടം നേടുന്നത്. 48 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കപ്പുയര്‍ത്താനാകും എന്നാണ് ടീമിന്റെ പ്രതീക്ഷ. പരിശീലകന്‍ ഗ്രഹാം റീഡിന് കീഴില്‍ ടീം അടിമുടി മാറിയിട്ടുണ്ട്. ഒളിമ്പികിസില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കാനായതും ടീമിന് ഊര്‍ജം നല്‍കുന്നു.
ടൂര്‍മെന്റിന്റെ ഉദ്ഘാടനം കട്ടക്കിലെ ബാരബതി സ്റ്റേഡിയത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നിര്‍വഹിച്ചു. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍, അന്താരാഷ്‌ട്ര ഹോക്കി ഫെഡറഷന്‍ പ്രസിഡന്റ് തയ്യബ് ഇക്രം, ഹോക്കി ഇന്ത്യ ചെയര്‍മാന്‍ ദിലിപ് തിര്‍ക്കെ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഹോക്കി ലോകകപ്പ് നടത്താന്‍ എല്ലാവിധ പിന്തുണയും നല്‍കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറയുന്നതായി ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പറഞ്ഞു.
ഇത്തരം ഒരു ടൂര്‍ണമെന്റിന് വേദി ഒരുക്കിയതില്‍ ഒഡീഷയ്‌ക്ക് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ നന്ദി പറഞ്ഞു. കേന്ദ്രം എല്ലാ വിധ പിന്തുണയും ടൂര്‍ണമെന്റ് നടത്താന്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 50,000ല്‍ അധികം കാണികളാണ് ഉദ്ഘാടന ചടങ്ങ് കാണാനായി കട്ടക്കിലെ സ്‌റ്റേഡിയത്തില്‍ എത്തിയത്.
Comments