യുക്രെയ്ൻ – റഷ്യ യുദ്ധം തുടങ്ങി ഒരു വർഷമാവുകയാണ്. നിരവധി ജീവനുകളും ജീവിതങ്ങളും ഇല്ലാതാക്കിയ യുദ്ധം അടുത്തൊന്നും അവസാനിക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളല്ല പുറത്തുവരുന്നത്. 2022 ഫെബ്രുവരിയിലായിരുന്നു യുക്രെയ്ൻ അതിർത്തി കടന്ന് റഷ്യൻ പട്ടാളം അധിനിവേശം ആരംഭിച്ചത്. പട്ടാളക്കാരുടെയും സാധാരണക്കാരുടെയും ജീവനുകൾ യുദ്ധത്തിനിടെ നഷ്ടപ്പെട്ടു. ആയിരക്കണക്കിനാളുകൾക്ക് വീടുകൾ ഇല്ലാതായി. പതിനായിരങ്ങൾ പലായനം ചെയ്തു. കോടിക്കണക്കിന് രൂപയുടെ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും യുക്രെയ്നിൽ നാമാവശേഷമായി.
എങ്കിലും യുദ്ധമിനിയും അവസാനിച്ചിട്ടില്ല. ഇരുരാജ്യങ്ങളിലെയും സൈനികർ പോരുതിക്കൊണ്ടേയിരിക്കുകയാണ്. തണുത്തറഞ്ഞ ഭൂപ്രദേശങ്ങളിൽ ശരീരം ഐസായി മാറുന്ന ശൈത്യത്തിലും അവർ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ നിലയുറപ്പിച്ചിരിക്കുകയാണ്. ഇത് വ്യക്തമാക്കുന്ന ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പൂർണമായും മഞ്ഞിൽ മൂടപ്പെട്ടിരിക്കുന്ന അവസ്ഥയിൽ യുക്രെയ്നിലെ സൈനികൻ രാജ്യത്തിന് കാവലാളായി നിൽക്കുന്നതാണ് ദൃശ്യങ്ങളിൽ.
Task for attention👀
Find the #sniper! ⬇️ pic.twitter.com/9UB0js7h7M— НГУ (@ng_ukraine) January 17, 2023
ഈ ചിത്രത്തിൽ നിന്നും സ്നൈപ്പറെ കണ്ടെത്തൂ.. എന്ന തലക്കെട്ടോടെയാണ് ട്വിറ്ററിൽ ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയ യൂസേഴ്സിനിടയിൽ ഒരു ഒപ്റ്റിക്കൽ ഇല്യൂഷൻ പ്രതീതി പരത്തി ട്വീറ്റ് വൈറലാവുകയാണ്. മൂന്ന് ചിത്രങ്ങളായിരുന്നു ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. യുക്രെയ്ൻ സൈന്യം കൈകാര്യം ചെയ്യുന്നതായി സൂചിപ്പിക്കുന്ന ഒരു ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്യപ്പെട്ടത് എന്നുള്ളതാണ് വൈറൽ ചിത്രത്തിൽ യുക്രെയ്നിലെ സൈനികനാണെന്ന നിഗമനത്തിൽ സോഷ്യൽമീഡിയ എത്താൻ കാരണം. എന്നിരുന്നാലും ചിത്രത്തിന്റെ ലൊക്കേഷൻ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Comments