ന്യൂഡൽഹി : ഫെബ്രുവരി 22ന് ബീഹാർ സന്ദർശിക്കാനൊരുങ്ങി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സ്വാമി സഹജാനന്ദ് സരസ്വതിയുടെ ജയന്തിയോടനുബന്ധിച്ചുള്ള ആഘോഷത്തിൽ പങ്കെടുക്കാനാണ് അടുത്ത മാസം അമിത് ഷാ ബീഹാറിലെത്തുന്നത്.
പാട്നയിലെ ബാപു സഭാഗറിൽ നടക്കുന്ന കിസാൻ-മസ്ദൂർ സമാഗം എന്ന ചടങ്ങിലേക്ക് സംസ്ഥാനത്തെ കർഷകർ അദ്ദേഹത്തെ സ്വീകരിക്കും. കിസാൻ-മസ്ദൂർ സമാഗം കൺവീനറും ബീഹാറിൽ നിന്നുള്ള എംപിയുമായ വിവേക് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.
‘കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഫെബ്രുവരി 22ന് ബീഹാറിൽ എത്തും. ബാപു സഭാഗറിൽ വെച്ച് നടക്കുന്ന സ്വാമി സഹജാനന്ദ് സരസ്വതി ജയന്തി ആഘോഷത്തിൽ അദ്ദേഹം പങ്കെടുക്കും. ചടങ്ങിൽ സംസ്ഥാനത്തെ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കും.’-താക്കൂർ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ കർഷകനേതാവും ചരിത്രത്തിൽ നിന്നും സർക്കാരുകളിൽ നിന്നും വേണ്ടത്ര പരിഗണന കിട്ടാതെ പോയ വ്യക്തിയാണ് സ്വാമി സഹജാനന്ദ് സരസ്വതി എന്നും സ്വാമിയുടെ ജന്മവാർഷികാഘോഷ ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്തെയും രാജ്യത്തെയും കർഷകർക്ക് സന്ദേശം നൽകുമെന്നും രാജ്യത്തെ കർഷകർക്ക് വേണ്ടി പ്രവർത്തിക്കുന്നതും, എവിടെ അനീതി നടന്നാലും കർഷകർക്കൊപ്പം നിലകൊള്ളുന്നത് മോദി സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments