റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചൻറിന്റെയും വിവാഹനിശ്ചയ ചടങ്ങുകൾ മുംബൈയിൽ നടന്നു. അനന്തും രാധികയും വിവാഹിതരാകുന്ന വിവരം 2019-ൽ ഇരകുടുംബങ്ങളും അറിയിച്ചിരുന്നു.
മുകേഷ് അംബാനിയുടെ വസതിയായ അന്റീലിയയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. ആചാരപരമായ ചടങ്ങുകളോടെയാണ് വിവാഹനിശ്ചയം നടന്നത്.
ഗുജറാത്തി ഹിന്ദു കുടുംബങ്ങൾക്കിടയിൽ തലമുറകളായി പിന്തുടരുന്ന ഗോൽ ധന, ചുനരി വിധി തുടങ്ങിയ പാരമ്പര്യ ചടങ്ങുകൾ വിവാഹനിശ്ചയത്തോട് അനുബന്ധിച്ച് നടന്നു. കുടുംബക്ഷേത്രങ്ങളിൽ പ്രത്യേക ചടങ്ങുകളുംവഴിപാടുകളും ഉണ്ടായിരുന്നു. വധുവിന്റെ കുടുംബം വരന്റെ വസതിയിൽ സമ്മാനങ്ങളും മധുരപലഹാരങ്ങളുമായി എത്തി. തുടർന്ന് ദമ്പതികൾ മോതിരം കൈമാറി.
ഗോൾഡൻ ലെഹങ്ക ആയിരുന്നു രാധികയുടെ വേഷം. റോയൽ ബ്ലൂ നിറത്തിലുള്ള ഔട്ട്ഫിറ്റാണ് അനന്ത് ധരിച്ചത്. നിശ്ചയത്തിന് മുന്നോടിയായി വേദിയിൽ ഗണേശ പൂജ നടത്തി. തുടർന്ന് പത്രിക വായിക്കുകയും മോതിരങ്ങൾ അണിയുകയും ചെയ്തു. അംബാനി കുടുംബാംഗങ്ങളുടെ കലാപ്രകടനങ്ങളും ഉണ്ടായിരുന്നു.
എൻകോർ ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിരേൻ മർച്ചെന്റിന്റെയും ഷൈലയുടെയും മകളാണ് രാധിക. ന്യൂയോർക്ക് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും ബിഡി സൊമാനി ഇന്റർനാഷണൽ സ്കൂളിൽ നിന്ന് ഐബി ഡിപ്ലോമയും നേടിയ രാധിക, ബോർഡ് ഓഫ് എൻകോർ ഹെൽത്ത് കെയറിൽ ഡയറക്ടറാണ്.
അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയ അനന്ത് നിലവിൽ റിലയൻസ് ഇൻഡ്സ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറാണ്. ജിയോ പ്ലാറ്റ്ഫോമുകളുടെയും റിലയൻസ് റീട്ടെയ്ൽ വേഞ്ചേഴ്സിന്റെയും ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
Comments