ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിൽ പൊറുതിമുട്ടുന്ന ശ്രീലങ്കയെ സഹായിക്കാനൊരുങ്ങി ഇന്ത്യ. അന്താരാഷ്‌ട്ര നാണ്യ നിധി ശ്രീലങ്കയ്‌ക്ക് ധനസഹായം നൽകുന്നതിനെ കേന്ദ്ര സർക്കാർ പിന്തുണച്ചുകൊണ്ടുള്ള കത്ത് കൈമാറി.
ഇതിന് പിന്നാലെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ശ്രീലങ്ക സന്ദർശിച്ചു. ഇന്ത്യ എന്നും അയൽരാജ്യത്തിനൊപ്പമായിരിക്കുമെന്നും ആപൽഘട്ടങ്ങളിൽ പൂർണ സഹായമുണ്ടാകുമെന്നും സന്ദർശന വേളയിൽ വിദേശകാര്യമന്ത്രി വ്യക്തമാക്കി. അയൽരാജ്യങ്ങളെ സഹായിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ മനസാണ് തന്നെ കൊളംബോയിലെത്തിച്ചതെന്നും ജയ്ശങ്കർ പറഞ്ഞു.
ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവയ്‌ക്കാണ് കേന്ദ്രധനകാര്യമന്ത്രാലയം കത്തയച്ചത്. കടക്കെണിയിൽ മുങ്ങിയ ശ്രീലങ്കയുടെ നിലവിലെ അവസ്ഥകൾ എണ്ണി പറഞ്ഞാണ് കത്ത് അയച്ചിരിക്കുന്നത്. ഒപ്പം എല്ലാവിധ സഹായസഹകരണങ്ങളും ഭാരതം നൽകുമെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് വഴിയാകും കടം അടയ്‌ക്കാൻ ശ്രീലങ്കയെ സഹായിക്കുകയെന്നും കത്തിൽ പറയുന്നു.
വികസനമെന്ന പേരിൽ നിർമ്മിച്ച തുറമുഖവും ചൈനീസ് ബാങ്കുകളിൽ നിന്ന് ഉയർന്ന പലിശയ്‌ക്ക് വായ്പയെടുത്തതുമാണ് ശ്രീലങ്കയുടെ നിലവിലെ അവസ്ഥയ്‌ക്ക് കാരണം. ഒരു രാജ്യത്തെ സഹായിച്ച് മുടുപ്പിക്കുകയാണ് ചൈന ചെയ്തതെന്നാണ്് വിദഗ്ധർ പോലുംപറയുന്നത്. ശ്രീലങ്കയിലെ സാമ്പത്തിക-വാണിജ്യ തകർച്ച അതിഭീകരമെന്നും വിദഗ്ധർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. ഭീകരമായ നിർമിതികളും മറ്റും ശ്രീലങ്കയിൽ നിർമ്മിച്ചതിന് പിന്നാലെ ചൈന തടിതപ്പുകയാണുണ്ടായത്.
നിലവിൽ ചൈന നിർമ്മാണം ആരംഭിച്ച് പാതിവഴിയാക്കിയിട്ടിരിക്കുന്ന ഹംബന്തോട്ടയും-കൊളംബോ പോർട്ട് സിറ്റിയും, മാത്താല വിമാനത്താവളവും ശ്രീലങ്കയ്‌ക്ക് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. വൻ പദ്ധതികൾ ആവിഷ്‌കരിച്ച് പാതി വഴിയിൽ ഇട്ടിട്ട് പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് ചൈനയുടെ ഒരു തരം തന്ത്രമാണെന്ന് തിരിച്ചറിയാൻ ശ്രീലങ്ക വൈകിപ്പോയതും പ്രതിസന്ധിയുടെ ആഘാതം വർദ്ധിപ്പിച്ചു.
ചൈന ശ്രീലങ്കയിൽ പണിത മൂന്ന് വൻ പദ്ധതികളും ഇന്ത്യയെ ലക്ഷ്യമിട്ടായിരുന്നു. മഹാസമുദ്രത്തിൽ ചൈനയുടെ ആധിപത്യം ഇന്ത്യയ്‌ക്കെതിരെ ഉറപ്പിക്കാനായിരുന്നു ശ്രമം. എന്നാൽ ക്വാഡ് സഖ്യം രൂപീകരിച്ചതോടെ പദ്ധതി പൊളിയുകയായിരുന്നു. പിന്നീട് കൊറോണ മഹാമാരിയുടെ വരവോടെയാണ് ചൈനയെ ശ്രീലങ്കയിൽ മുതൽ മുടക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്.
ഇത്രമാത്രം തന്ത്രങ്ങൾ ശ്രീലങ്കയുടെ അറിവോടെ നടപ്പിലാക്കിയിട്ടും ലങ്കയെ സഹായിക്കാൻ ഇന്ത്യ മാത്രമാണുണ്ടായത്. കഴിഞ്ഞ വർഷം ഇന്ത്യ 450 കോടി ഡോളറിന്റെ സഹായമാണ് നൽകിയത്. സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് ചർച്ചകൽ നടത്താനും കേന്ദ്ര സർക്കാർ തയ്യാറാണെന്നും വിദേശകാര്യമന്ത്രി സന്ദർശന വേളയിൽ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കൻ ഭരണകൂടം, ഐഎംഎഫ്, പാരീസ് ക്ലബ് തുടങ്ങിയവരുമായുള്ള ചർച്ചയ്‌ക്കാണ് സന്നദ്ധത അറിയിച്ചത്. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ചർച്ചകൾ ഉണ്ടാകുമെന്നാണ് വിവരം.
Comments