ആലപ്പുഴ: കരുനാഗപ്പള്ളിയിലെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് തനിക്കെതിരെ പാർട്ടിയിൽ നീക്കം നടക്കുന്നുണ്ടെന്ന് പ്രതി എ.ഷാനവാസ്. നേതാക്കൾ തനിക്കെതിരെ ഗൂഢാലോചന നടത്തുവെന്നാരോപിച്ച് ഷാനവാസ് പാർട്ടിക്ക് കത്തെഴുതി. മുൻമന്ത്രി ജി.സുധാകരൻ, ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആർ.നാസർ, എംഎൽഎ പി.പി.ചിത്തരഞ്ജൻ എന്നിവർ ഗൂഢാലോചന നടത്തുന്നതായാണ് ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റിക്ക് നൽകിയ കത്തിൽ ഷാനവാസ് ആരോപിക്കുന്നത്.
ഷാനവാസിന്റെ അനധികൃത സ്വത്ത് സമ്പാദനം, സാമ്പത്തിക ഇടപാടുകൾ എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതാവ് പോലീസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും(ഇഡി) പരാതി നൽകിയിരുന്നു. കത്തിൽ സൂചിപ്പിച്ചിരിക്കുന്ന നേതാക്കളുടെ പ്രേരണയിലാണ് ഈ പരാതിയെന്നാണ് ഷാനവാസിന്റെ ആരോപണം. മന്ത്രി സജി ചെറിയാന്റെ സംഘം ഷാനവാസിനെ സംരക്ഷിക്കാൻ നോക്കുന്നുവെന്ന് വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു. പാർട്ടിക്ക് പുറത്തും അകത്തും പ്രതിഷേധങ്ങൾ ഉയർന്നതോടെ ഗത്യന്തരമില്ലാതെയാണ് ഷാനവാസിനെ സിപിഎം സസ്പെൻഡ് ചെയ്തത്.
കരുനാഗപ്പള്ളി ഹൈസ്‌കൂൾ ജംഗ്ഷന് സമീപത്തുനിന്നും 1,27,410 പായ്‌ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടികൂടുകയായിരുന്നു. സംഭവത്തിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഇജാസ് ഉൾപ്പെടെ നാലുപേർ അറസ്റ്റിലായി. ഇതിന് പിന്നാലെയാണ് ലഹരി വസ്തുക്കൾ കടത്തിയ വാഹനം സിപിഎം ഏരിയാ കമ്മിറ്റി അംഗമായ ഷാനവാസിന്റേതാണ് എന്നുളള വിവരം പുറത്തുവന്നത്.
















Comments