കോട്ടയം: കൈകൂലി വാങ്ങുന്നതിനിടയിൽ അസിസ്റ്റന്റ് എൻജിനീയർ പിടിയിൽ. കോട്ടയം മാഞ്ഞൂർ പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജീനിയർ ഇ.ടി അജിത് കുമാറാണ് പിടിയിലായത്. പ്രവാസിയിൽ നിന്ന് 20,000 രൂപയും ഒരു കുപ്പി സ്കോച്ചും കൈക്കൂലിയായി വാങ്ങുന്നതിനിടയിലാണ് ഇയാൾ വിജിലൻസിന്റെ വലയിലായത്.
യുകെയിൽ നിന്നെത്തി പഞ്ചായത്തിൽ ഒരു വ്യവസായം തുടങ്ങാൻ ആഗ്രഹിച്ച പ്രവാസിയിൽ നിന്നാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. കഴിഞ്ഞയാഴ്ച 5,000 രൂപയും ഒരു കുപ്പി സ്കോച്ചും കൈക്കൂലി ആയി വാങ്ങിയിരുന്നു. വലിയ പദ്ധതി ആയതിനാൽ നൽകിയ പണം കുറഞ്ഞ് പോയെന്നും കൂടുതൽ പ്രതീക്ഷിക്കുന്നതായും എൻജീനിയർ അറിയിക്കുകയായിരുന്നു. തുടർന്ന് പ്രവാസി വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് വിജിലൻസിന്റെ നിർദേശപ്രകാരം 20,000 രൂപയും സ്കോച്ചുമായി എത്തുകയായിരുന്നു. സ്കോച്ച് വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ നൽകിയാൽ മതിയാകുമെന്ന് പറഞ്ഞ് തിരികെ ഏൽപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഓഫീസിൽ നിന്ന് മടങ്ങി. ഇതിനിടയിലാണ് കോട്ടയത്ത് നിന്നുള്ള വിജിലൻസ് സംഘം അജിത് കുമാറിനെ പിടികൂടിയത്.
Comments