ഡൽഹി: കശ്മീരിൽ ഹിന്ദു വംശഹത്യ നടന്നിട്ടില്ലെന്ന വാദവുമായി സമാജ്വാദി പാർട്ടി നേതാവ് അബു ആസ്മി. പുറത്തു വന്നിട്ടുള്ള കശ്മീരി പണ്ഡിറ്റുകളുടെ മരണസംഖ്യ അതിശയോക്തിപരമാണ്. 89 പണ്ഡിറ്റുകൾ മാത്രമാണ് ആകെ കൊല്ലപ്പെട്ടത്. ബാക്കി കൊല്ലപ്പെട്ടവർ മുസ്ലീങ്ങളും സിഖുകാരുമാണ് എന്ന് അബു ആസ്മി വാദിച്ചു. സത്യം വളച്ചൊടിച്ചും കശ്മീരി പണ്ഡിറ്റുകളുടെ മരണത്തെയും പലായനത്തെയും ചെറുതാക്കി കൊണ്ടുമുള്ള സമാജ്വാദി പാർട്ടി നേതാവിന്റെ വാക്കുകൾ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.
‘സർക്കാർ പുറത്തിറക്കിയ വിവരാവകാശ രേഖയിൽ, 30 വർഷത്തിനിടെ 1,700-1,800 പേർ കൊല്ലപ്പെട്ടുവെന്ന് എഴുതിയിരുന്നു. ജമ്മു കശ്മീരിൽ തീവ്രവാദം ഉയർന്നപ്പോൾ 89 പണ്ഡിറ്റുകൾ മാത്രമാണ് കൊല്ലപ്പെട്ടത്. ബാക്കിയുള്ളവർ മുസ്ലീം, സിഖ് സഹോദരന്മാരായിരുന്നു. ഓടിപ്പോയവർ കശ്മീരി പണ്ഡിറ്റുകളാണ്. മുസ്ലീങ്ങൾ ഇപ്പോഴും അവിടെ പോരാടി മരിക്കുന്നു എന്ന നുണകൾ സിനിമയാക്കി ഹിന്ദുക്കളെയും മുസ്ലീങ്ങളെയും തമ്മിൽ തെറ്റിച്ച് ഭരിക്കാനാണ് പലരും ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് വിവേക് അഗ്നിഹോത്രിയുടെ ‘ദി കശ്മീർ ഫയൽസ്’ എന്നാണ് അബു ആസ്മി പറഞ്ഞത്.
ആസ്മിയുടെ അവകാശവാദങ്ങൾക്കെതിരെ തുറന്നടിച്ച് ബിജെപി രംഗത്തു വന്നു. അബു ആസ്മിയുടെ പ്രസ്താവനകൾ കേൾക്കുന്ന ഒരു സ്കൂൾ കുട്ടി പോലും അതിശയിക്കും. കാശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യം വെച്ച് നടന്ന ക്രൂരമായ കൊലപാതകങ്ങളെ അബു ആസ്മി എങ്ങനെ ന്യായീകരിക്കും. മണ്ടത്തരങ്ങൾ എന്തെങ്കിലും വിളിച്ചു പറഞ്ഞതാൽ, അത് യാഥാർത്ഥ്യമാകില്ല. മോദി സർക്കാർ അധികാരത്തിൽ വരുന്നതിനുമുമ്പ്, ജമ്മു കശ്മീരിൽ ഹിന്ദുക്കൾക്ക് നേരെ വ്യാപകമായ ആക്രമണം ഉണ്ടായിരുന്നു. കൂട്ടക്കൊലയും പലായനവും ഒരു യാഥാർത്ഥ്യമാണ്. തെറ്റായ കാര്യങ്ങൾ ഉദ്ധരിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കാൻ അബു ആസ്മി ശ്രമിക്കരുത് എന്ന് ബിജെപി തുറന്നടിച്ചു.
Comments