തിരുവനന്തപുരം: കൃഷി പഠിക്കാനുള്ള കൃഷിമന്ത്രി പി പ്രസാദിന്റെ ഇസ്രായേൽ യാത്ര മാറ്റിവെച്ചു. യാത്രയ്ക്ക് മുഖ്യമന്ത്രി അവസാന നിമിഷം അനുമതി നിഷേധിച്ചു എന്നാണ് അറിയുന്നത്. രണ്ട് കോടി ചെലവഴിച്ചുള്ള മന്ത്രിയുടെയും സംഘത്തിന്റെയും യാത്ര വിവാദമായിരുന്നു.
കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരും മാദ്ധ്യമ പ്രവർത്തരും അടങ്ങുന്ന വൻ സംഘമാണ് ഇസ്രായേൽ സന്ദർശിക്കാൻ പദ്ധതിയിട്ടിരുന്നത്. ഒരാഴ്ച നീണ്ട യാത്ര പരിപാടിയിൽ കൃഷിക്കാരെ കൂടെ കൂട്ടുമെന്നും പറഞ്ഞിരുന്നു. ഖജനാവ് കാലിയായിരുന്ന സമയത്തുള്ള യാത്ര സിപിഐയിൽ തന്നെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
സംസ്ഥാനത്ത് കൃഷി വകുപ്പിന്റെയും സപ്ലൈക്കോയുടെയും പ്രവർത്തനം താളം തെറ്റിയ നിലയിലാണ്. നെല്ല് സംഭരിച്ച പണം പോലും വിതരണം ചെയ്യാൻ സപ്ലൈക്കോയ്ക്ക് സാധിച്ചിട്ടില്ല. നെല്ല് സംഭരിച്ച വകയിൽ 236.74 കോടി രൂപയാണ് കർഷകർക്ക് ഇനിയും നൽകാനുള്ളത്. പാലക്കാട് ജില്ലയിൽ മാത്രം 134.53 കോടി രൂപ നൽകാനുണ്ട്.
Comments