തിരുവനന്തപുരം: ഭാരത് ജോഡോ യാത്രയെയും വയനാട് എംപി രാഹുൽ ഗാന്ധിയെയും വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്നവരെയെല്ലാം ഒരുമിപ്പിക്കുക എന്നതാണ് രാഹുൽ ഗാന്ധിയുടെ ലക്ഷ്യം. രാജ്യത്തെ എല്ലാ സംവിധാനത്തെയും സംശയത്തിന്റെ നിഴലിൽ നിർത്തി ഗാന്ധി കുടുംബത്തെ വെള്ളപൂശാനും നൂറ്റാണ്ടുകളായി ഇന്ത്യക്കാരെ അടിമകളാക്കിയ ബ്രിട്ടനടക്കമുള്ളവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമാണ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ ആഞ്ഞടിച്ചു.
‘രാഹുലും സംഘവും ഉദ്ദേശിക്കുന്നത് വ്യക്തം. ഈ നാടിനെതിരെ ചിന്തിക്കുന്നവരേയും പ്രവർത്തിക്കുന്നവരെയുമെല്ലാം ഒരുമിപ്പിക്കുക. അതാണ് യഥാർത്ഥ ജോഡോ. ചൈന, പാകിസ്താൻ തുടങ്ങിയ പരമ്പരാഗത വൈരികളോടൊപ്പം നൂറ്റാണ്ടുകൾ നമ്മെ അടിമകളാക്കിയ ബ്രിട്ടൻ പിന്നെ ലോകപോലീസായ അമേരിക്ക എന്നീ ഇന്ത്യാവിരുദ്ധരായ എല്ലാ നീചശക്തികളുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന അച്ചുതണ്ടായി കോൺഗ്രസ്സ് മാറുകയാണ്. ദേശീയ ഐക്യം തകർക്കാൻ ആവുന്നത്ര പരിശ്രമിച്ചു’.
‘സുപ്രീംകോടതി, തിരഞ്ഞെടുപ്പു കമ്മീഷൻ, നീതി ആയോഗ് തുടങ്ങി എല്ലാത്തിനേയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുക. പിന്നെ, അന്വേഷണ ഏജൻസികളെ ദുർബലപ്പെടുത്തി സ്വന്തം കുടുംബത്തിന്റെ അഴിമതികളെ വെള്ള പൂശുക തുടങ്ങി വിവിധോദ്യേശപദ്ധതികളാണ് കോൺഗ്രസ്സിനുള്ളത്. ബിബിസി, ഹിൻഡെൻഡ്ബർഗ് മുതലായവരെല്ലാം ഇപ്പോൾ വാഴ്‌ത്തപ്പെട്ടവരാകുന്നതിന് പിന്നിലുള്ള ചേതോവികാരവും മറ്റൊന്നല്ല. ജന്മനാ ഇന്ത്യാവിരുദ്ധരായ കമ്യൂണിസ്റ്റുകളും ജിഹാദികളുമാണ് രാഹുലിന്റെ സ്വാഭാവിക സഖ്യകക്ഷികൾ. ഒരു കാര്യം ഉറപ്പ് ഈ നീചശക്തികൾക്ക് 2024-ലെ പൊതുതിരഞ്ഞെടുപ്പോടുകൂടി ഇന്ത്യൻ ജനത നൽകാൻ പോകുന്നത് കനത്ത ശിക്ഷയായിരിക്കും’ എന്ന് സുരേന്ദ്രൻ പറഞ്ഞു.
Comments