കോഴിക്കോട്: നഗരത്തിൽ പെൺവാണിഭ കേന്ദ്രം നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കേന്ദ്രം നടത്തിപ്പുകാരായ രണ്ട് യുവാക്കളും ഒരു യുവതിയുമാണ് പിടിയിലായത്. കൊടുവള്ളി വാവാട് കത്തലാംകുഴിയിൽ ഷമീർ (29), നടത്തിപ്പുകാരിയും കർണാടക സ്വദേശിനിയുമായ ആയിഷ (32), ഇടപാടുകാരനായ തമിഴ്നാട് സ്വദേശി വെട്ടിൽവൻ (28) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മൂന്ന് മാസമായി കോവൂർ അങ്ങാടിക്ക് അടുത്തുള്ള ഫ്ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു സംഘം പെൺവാണിഭ കേന്ദ്രം നടത്തിയിരുന്നത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ. സുദർശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺവാണിഭത്തിനായി കൊണ്ടുവന്ന യുവതികൾ നേപ്പാൾ, തമിഴ്നാട് സ്വദേശികളാണ്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം മഹിളാ കേന്ദ്രത്തിലേക്ക് മാറ്റി.
വിവിധ ഭാഷാ തൊഴിലാളികളുടെ സഹായത്തോടെയാണ് പെൺവാണിഭം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ഒഡിഷ, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള യുവതികളെ കടത്തിക്കൊണ്ട് വന്ന് കോഴിക്കോട് ഫ്ളാറ്റിലെത്തിച്ച് പെൺവാണിഭം നടത്തുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് പെൺവാണിഭ കേന്ദ്രത്തെക്കുറിച്ചുള്ള വിവരത്തിലേക്ക് നയിച്ചത്.
Comments