ദിസ്പൂർ: ശൈശവ വിവാഹത്തിനെതിരെ അസം സർക്കാർ സ്വീകരിക്കുന്ന നടപടിക്കെതിരെ എഐഎംഐഎം നേതാവ് അസറുദ്ദീൻ ഒവൈസി. സർക്കാർ ഇത്തരത്തിൽ അറസ്റ്റ് ചെയ്ത് യുവാക്കളെ ജയിലിലേക്ക് അയച്ചാൽ ഇവർ കല്ല്യാണം കഴിച്ച പെൺകുട്ടികളെ ആര് നോക്കുമെന്ന് ഒവൈസി ചോദിച്ചു. സർക്കാർ സ്വീകരിക്കുന്നത് തെറ്റായ നടപടിയാണെന്നും മുസ്ലീംങ്ങളെ വേട്ടയാടുകയാണെന്നും ഒവൈസി ആരോപിച്ചു.
സംസ്ഥാനത്ത് ശൈശവ വിവാഹത്തിനെതിരെ ശക്തമായ നടപടിയാണ് സർക്കാർ കൈക്കൊള്ളുന്നത്. 4000 കേസുകളിലായി 2258 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിച്ചവരും പെൺകുട്ടികളുടെ രക്ഷകർത്താക്കളും മത പണ്ഡിതരും ഇതിൽ ഉൾപ്പെടുന്നു. സ്ത്രീകൾക്കെതിരായ സാമൂഹ്യ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ശൈശവ വിിവാഹം സംസ്ഥാനത്ത് തടയുമെന്നും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർന്മ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് ശൈശവ വിവാഹ കേസുകളിൽ പോലീസ് നടപടി തുടരുകയാണ്. 14-വയസ്സിന് താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാർക്കെതിരെ പോക്‌സോ നിയമപ്രകാരവും 14-18 വയസ്സിനിടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവർക്കെതിരെ ശൈശവവിവാഹ നിരോധന നിയമപ്രകാരവുമാണ് അറസ്റ്റ് ചെയ്യുന്നത്.
Comments