ശ്രീനഗർ : ജമ്മു കശ്മീരിൽ ഗർഭിണിയ്‌ക്ക് കൈത്താങ്ങായി ഇന്ത്യൻ സൈന്യം. മഞ്ഞുവീഴ്ചയിൽ കുടുങ്ങി ദുരിതത്തിലായ ഗർഭിണിയെ സൈനികർ ചുമലിലേറ്റി ആശുപത്രിയിൽ എത്തിച്ചു. കുപ്‌വാര ജില്ലയിലെ കലറൂസ് ബ്ലോക്കിലാണ് സംഭവം. ബദഖേത് ഗ്രാമത്തിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആശുപത്രിയിൽ പോകാൻ സാധിക്കാതിരുന്നതോടെ സൈന്യം സഹായിക്കുകയായിരുന്നു.
ഗർഭിണിയുടെ നിസ്സഹായാവസ്ഥ അറിഞ്ഞ ഉടൻ തന്നെ കരസേന ഉദ്യോഗസ്ഥർ യുവതിയെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയിരുന്നു. പ്രതികൂലമായ കാലാവസ്ഥയിലും റോഡിലെ തടസങ്ങൾ വകവയ്‌ക്കാതെ 5 കിലോമീറ്ററോളം നടന്നാണ് സൈന്യം യുവതിയുമായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയത്. തുടർന്ന് യുവതി ആൺകുട്ടിക്ക് ജന്മം നൽകി.
അതേസമയം ജനുവരി 15 ന്, ജമ്മു കശ്മീരിലെ റംബാൻ ഏരിയയിൽ ഒരു ഗർഭിണിയായ സ്ത്രീയെ ആശുപത്രിയിലേക്ക് മാറ്റാൻ, സൈനിക ഉദ്യോഗസ്ഥർ 14 കിലോമീറ്ററിലധികം മഞ്ഞുവീഴ്ചയിലൂടെ നടന്നിരുന്നു. ജനുവരി 10 ന് ജമ്മു കശ്മീരിലെ ബുനിയാറിൽ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ദുരിതത്തിലായ ഗർഭിണിയെയും ഇന്ത്യൻ സൈനികർ രക്ഷപ്പെടുത്തിയിരുന്നു.
Comments