ആമസോണിനും ഗൂഗിളിനും പിന്നാലെ ഡിസ്നിയിലും കൂട്ടപ്പിരിച്ചു വിടൽ. 7000-ലധികം ജീവനക്കാർക്ക് ജോലിപോകുമെന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചുവിടൽ നടപടിയിലേക്ക് കമ്പനിയെ എത്തിച്ചതെന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച തീരുമാനം ഡിസ്നി പുറത്തുവിട്ടത്
നവംബറിലാണ് പുതിയ സിഇഒ ആയി റോബർട്ട് ഇഗർ ചുമതലയേറ്റത്. തൊട്ട് പിന്നാലെയാണ് ജീവനക്കാരെ പിരിച്ച് വിടുന്ന നടപടികൾ ആരംഭിച്ചത്. കമ്പനിയുടെ സാമ്പത്തിക ബാധ്യത 5.5 ബില്യൺ ഡോളർ ആണ്. സാമ്പത്തിക ബാധ്യത തീർക്കാൻ ജീവനക്കാരെ പിരിച്ചുവിടേണ്ടതായി വരുമെന്ന് ഇഗർ പറഞ്ഞിരുന്നു.
ആഗോള സാമ്പത്തികമാന്ദ്യ സാധ്യത കണക്കിലെടുത്താണ് ടെക് ഭിമൻമാർ ജീവനക്കാരെ വെട്ടി കുറയ്‌ക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അടുത്തകാലത്ത് ട്വിറ്റർ അടക്കമുള്ള കമ്പനികൾ കൂട്ടത്തൊടെ ജീവനക്കാരെ ഒഴിവാക്കിയിരുന്നു.
അതേസമയം കമ്പനിയുടെ ത്രൈമാസ വരുമാനം സംബന്ധിച്ച റിപ്പോർട്ട് കമ്പനിയുടെ നഷ്ടത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഔദ്യോഗിക റിപ്പോർട്ട് പ്രകാരം സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. സ്ട്രീമിംഗ് പ്ലാറ്റ് ഫോമായ ഡിസ്‌നി പ്ലസ്സിന് മൊത്തം 46.6 ബില്യൺ സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഇപ്പോൾ ഉള്ളത്. ഇത് ആശങ്കപ്പെടുത്തുന്ന കണക്കാണെന്നാണ് കമ്പനിയുടെ നിഗമനം. ഇതും പിരിച്ചുവിടലിന് കാരണമായി എന്ന വിലയിരുത്തുന്നു. എന്നാൽ കമ്പനിയെ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്‌കാരം എന്നും പറയപ്പെടുന്നു.
Comments