കോഴിക്കോട്: ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ആദിവാസി യുവാവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വയനാട് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. അട്ടപ്പാടി മധുവിനെതിരെ നടന്നതിന് സമാനമായ രീതിയിലാണ് വിശ്വനാഥനെതിരെയും ആൾക്കൂട്ട ആക്രമണം നടന്നത്. മോഷണകുറ്റം ആരോപിച്ച് തല്ലിക്കൊല്ലുന്ന രീതിയിലേക്ക് നമ്മുടെ സമൂഹം എത്തിയത് ഞെട്ടിക്കുന്നതാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ദളിത്- ആദിവാസി വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ വർധിക്കുകയാണെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. വിശ്വനാഥനെ കാണതായ ദിവസം തന്നെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടും അന്വേഷണം നടത്താൻ കൂട്ടാക്കാതിരുന്ന പൊലീസ് അവരെ അധിക്ഷേപിക്കുകയായിരുന്നു. പൊലീസ് നീതിപൂർവ്വം പ്രവർത്തിച്ചിരുന്നെങ്കിൽ ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
മധുവിന്റെ കേസിലും പൊലീസിന്റെ വീഴ്ച പ്രകടമായിരുന്നു. പിണറായി സർക്കാരിന്റെ ഭരണത്തിൽ കേരളം ആൾക്കൂട്ട മർദ്ദനങ്ങളുടെ പേരിൽ കുപ്രസിദ്ധിയാർജിക്കുകയാണെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.
















Comments