ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ് എംകെ 1 എ ഇറക്കുമതി ചെയ്യാൻ അർജന്റീനയും മലേഷ്യയും താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ ) നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റാണ് തേജസ് എംകെ 1എ. ബെംഗളൂരുവിൽ നടക്കുന്ന എയ്റോ ഇന്ത്യ 2023 ൽ പങ്കെടുക്കുന്നതിനായി എത്തിയ മലേഷ്യൻ പ്രതിനിധി സംഘവും എച്ച്എഎൽ അധികൃതരുമായി സംസാരിച്ച് വിമാനം വാങ്ങുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ചർച്ചകൾ നടത്തും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
2021-ലാണ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റായ തേജസ് എംകെ 1 എ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്. അത്യാധുനിക ഇലക്ട്രോണിക് വാർഫെയർ സ്യൂട്ടുകൾ, മൾട്ടി മോഡ് റഡാറുകൾ, വിഷ്വൽ റേഞ്ച് എയർ-ടു-എയർ മിസൈലുകൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകൾ ഈ വിമാനത്തിലുണ്ട്. ഇതിന്റെ സവിശേഷതകൾ കൊണ്ട് നേരത്തെയും തേജസ് വാർത്തകളിൽ ഇടം നേടിയിരുന്നു. എയ്റോസ്പേസ് നിർമ്മാണം, കയറ്റുമതി രംഗങ്ങളിൽ ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ഊട്ടിയുറപ്പിക്കുകയാണ് തേജസ്.
അർജന്റീനയും മലേഷ്യയും തേജസ് എംകെ 1 എ വാങ്ങിയാൽ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുകയും ഭാരതത്തിന്റെ അംഗീകാരം വർദ്ധിക്കുകയും ചെയ്യും. ഇന്ത്യൻ പ്രതിരോധ കമ്പനികൾക്ക് ലാറ്റിനമേരിക്കയിലേക്കും കരീബിയൻ മേഖലയിലേക്കും കയറ്റുമതി ചെയ്യാനുള്ള സാധ്യതയും വർദ്ധിക്കും. അർജന്റീനയിൽ നിന്നും മലേഷ്യയിൽ നിന്നുമുള്ള ഓർഡറുകൾ ലഭിച്ചാൽ ഇന്ത്യൻ എയ്റോസ്പേസ് മേഖലയ്ക്ക് അംഗീകാരം കൂടിയായിരിക്കുമത്.
Comments