തൃശൂർ: തൃശൂർ കാറളത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. കാറളം ഹരിപുരം സ്വദേശി കുഴുപുള്ളി പറമ്പിൽ മോഹനൻ, ഭാര്യ മിനി, മകൻ ആദർശ് എന്നിവരെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തന്നെയായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. മോഹനന്റെയും ആദർശിന്റെയും മൃതദേഹങ്ങൾ വീട്ടിലെ സ്വീകരണ മുറിയിലും ഭാര്യ മിനിയുടേത് കിടപ്പുമുറിയിലുമാണ് കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
വീടിനോട് ചേർന്ന് തന്നെ പലചരക്ക് കട നടത്തുകയായിരുന്നു മോഹനൻ. രാവിലെ കട തുറക്കാത്തതിനെ തുടർന്ന് നാട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് പോലീസ് എത്തി വീട് തുറന്നാണ് അകത്ത് കയറിയത്.
കാറളം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ് മരിച്ച ആദർശ്. വിവാഹിതയായ ഒരു മകൾ കൂടിയുണ്ട് മോഹനന്. ഭർത്താവിനൊപ്പം വിദേശത്താണ് മകൾ താമസിക്കുന്നത്. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി വിവരം ഇല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments