ഡെറാഡൂൺ: ഉത്തരാഖണ്ഡ് എന്ന സംസ്ഥാനത്തിന് നിരവധി സവിശേഷതകളുണ്ട്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് സംസ്ഥാനത്തിന്റെ ഭൂപ്രകൃതി. പ്രകൃതിയെ ഇത്രമേൽ മനോഹരമായി കാണിച്ചുതരുന്ന മറ്റൊരു സംസ്ഥാനമില്ലെന്ന് തന്നെ പറയേണ്ടി വരും. എന്നാൽ മറുവശത്ത് മേഖലയിലെ ദുർഘടമായ പാതകളും കാലാവസ്ഥാ വ്യതിയാനങ്ങളും ജനജീവിതത്തിന് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
അനവധി മലമ്പ്രദേശങ്ങളുള്ള സംസ്ഥാനത്ത് റോഡ് ഗതാഗതം പലപ്പോഴും പ്രയാസമേറിയതാണ്. അതുകൊണ്ട് തന്നെയാണ് അത്യാവശ്യ മരുന്നുകളുമായി എയിംസിൽ നിന്ന് 40 കിലോ മീറ്റർ അകലെയുള്ള ആശുപത്രിയിലേക്ക് ഡ്രോൺ പറന്ന് പോകുന്ന കാഴ്ച ശ്രദ്ധേയമാകാൻ കാരണവും. ഉത്തരാഖണ്ഡിലെ ഒരു ഉൾഗ്രാമത്തിലുള്ള ആശുപത്രിയിലേക്കാണ് മരുന്നുകളുമായി അതിവേഗം ഡ്രോൺ എത്തിയത്.
റോഡ് മാർഗം സഞ്ചരിച്ചാൽ 2 മണിക്കൂർ സമയമെടുക്കേണ്ട സ്ഥാനത്ത് മരുന്നുകളുമായി ഡ്രോൺ എത്തിയത് വെറും 30 മിനിറ്റിനുള്ളിലാണ്. 40 കിലോ മീറ്ററുകളാണ് ഡ്രോൺ അതിവേഗം താണ്ടിയത്. ഋഷികേശിലെ എയിംസിൽ നിന്ന് പുറപ്പെട്ട ഡ്രോണിൽ ക്ഷയരോഗത്തിനുള്ള മരുന്നായിരുന്നു ഉണ്ടായിരുന്നത്. ഗർവാൽ ജില്ലയിലെ തെഹ്രിയിലുള്ള ആരോഗ്യകേന്ദ്രത്തിലേക്കായിരുന്നു യാത്ര.
ഉത്തരാഖണ്ഡിലെ ഉൾപ്രദേശങ്ങളിലും മലമ്പ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് മരുന്നുകൾ അതിവേഗം സുരക്ഷിതമായി എത്തിക്കാൻ ഡ്രോണുകൾ സഹായിക്കുമെന്ന് എയിംസിലെ എക്സിക്യൂട്ടീവ് ഡയറക്ടർ മീനു സിംഗ് പ്രതികരിച്ചു. ഇതിന്റെ ഭാഗമായി ഇപ്പോൾ നടത്തിയ ഡ്രോൺ യാത്ര പരീക്ഷണാർത്ഥമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
@aiimsrishi की कार्यकारी निदेशिका प्रो. मीनू सिंह के सहयोग से आज एम्स ऋषिकेश से टिहरी बुराड़ी के लिए ड्रोन द्वारा दवाई भेजने का परीक्षण हुआ। जोकि उत्तराखंड के दूर दराज के क्षेत्र में रहने वाले रोगियों के लिए मददगार होगा। @MoHFW_INDIA @meenusingh4 pic.twitter.com/o91mNkYMJc
— AIIMS RISHIKESH (@aiimsrishi) February 16, 2023
Comments