രാവിലെ മലയാളികൾ ഉണർന്നത് താങ്ങാവുന്നതിലും അപ്പുറത്തുള്ള ഒരു ദുരന്ത വാർത്ത കേട്ടാണ്. പ്രിയപ്പെട്ട ടിവി താരം സുബി സുരേഷ് അന്തരിച്ചു . സ്വഭാവ സവിശേഷതകൾ കൊണ്ടും പ്രകടനങ്ങൾ കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് ജനമനസുകളിൽ കയറിക്കൂടിയ താരത്തിന്റെ അപ്രതീക്ഷിത വേർപാടിൽ തകർന്നിരിക്കുകയാണ് ആരാധകരും, സഹപ്രവർത്തകരും, സിനിമാ ലോകവും.
മലയാള ചലച്ചിത്ര, ടെലിവിഷൻ, മിമിക്രി താരം എന്ന നിലകളിൽ തിളങ്ങിയ സുബി സ്വപ്രയത്നം കൊണ്ട് പ്രേക്ഷകർക്കിടയിൽ സ്ഥാനം ഉണ്ടാക്കി എടുത്തു. തന്റെ അവതരണത്തിലൂടെ കാഴ്ചക്കാരെ ഒരു പരിപാടിയുടെ ആദ്യാന്തം പിടിച്ചിരുത്താൻ കഴിവുള്ള താരം. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും സുബി ഒരുപോലെ തിളങ്ങി.
സ്വന്തം അസുഖത്തിന്റെ അവസ്ഥ പോലും നോക്കാതെ സ്വപ്നങ്ങൾക്ക് പുറകെ ആയിരുന്നു സുബി. സുബിയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഏതൊരു വ്യക്തിയ്‌ക്കും പ്രചോദനം നൽകുന്ന ഇന്ന് കാണുന്ന അവരുടെ ജീവിതം. ഒരുപാട് കഷ്ടപ്പാടിലൂടെയാണ് നടി കടന്ന് വന്നത്. തുടക്കത്തിൽ പുരുഷന്മാർ മാത്രം വാണിരുന്ന കോമഡി സ്റ്റേജ് ഷോകളിൽ അന്നത്തെ കാലത്ത് ഒരു സ്ത്രീയുടെ വരവ് ഒരു ചരിത്രമായിരുന്നു. അവർക്കിടയിൽ സുബി തന്റേതായ സ്ഥാനം പിടിക്കുകയും ചെയ്‌തു. അന്ന് തുടർന്ന ജീവിതയാത്ര വഴികളിലൂടെ സുബിയെ ഒരു സിങ്കപെൺ ആക്കിത്തീർത്തു.
കുടുംബത്തിനുവേണ്ടിയുള്ള സുബിയുടെ ജീവിതമായിരുന്നു ഈ കഷ്ട്ടപാടുകൾക്ക് പിന്നിൽ. എന്റെ ലോകം എന്റെ കുടുംബമാണ്. അവരോടൊപ്പമുള്ള ഓരോ നിമിഷവും എനിക്കു വളരെ വിലപ്പെട്ടതാണ് എന്ന് സുബി എപ്പോഴും പറയുമായിരുന്നു. സുബിയുടെ നാട് തൃപ്പൂണിത്തുറ ആയിരുന്നു. അച്ഛൻ സുരേഷ്, അമ്മ അംബിക, സഹോദരൻ എബി സുരേഷ് എന്നിവരായിരുന്നു സുബിയുടെ കുടുംബം. റിയൽ എസ്റ്റേറ്റ് ഇടപാടുകളും ഫിനാൻസ് ബിസിനസും ആയിരുന്നു സുബിയുടെ അച്ഛന്.
ആദ്യ കാലങ്ങളിൽ വാടകവീടുകളിലാണ് താമസിച്ചിരുന്നത്. സുബി ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് തൃപ്പൂണിത്തുറയിൽ തന്നെ അത്യവശ്യം എല്ലാവിധ സൗകര്യങ്ങളോടും കൂടിയ വീട് താരത്തിന്റെ അച്ഛൻ പണി കഴിപ്പിക്കുന്നത്. പൂന്തോട്ടവും, പച്ചക്കറി കൃഷിയും ഒക്കെ ചെയ്യാൻ പറ്റുന്ന ഒരു കൊച്ചു വീടും സ്ഥലവും ആയിരുന്നു അതെന്നും സുബി തന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
ആ വീട്ടിലെ സന്തോഷവും സമാധാനവും ഏറെക്കാലം നീണ്ടുനിന്നില്ല. ബിസിനസിൽ അച്ഛന് ചെറിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ആ വീട് തങ്ങൾക്ക് വിൽക്കേണ്ടി വന്നെന്നും സുബി പറയുന്നു. അതിനു ശേഷം ആശ്രയം വാടക വീടുകൾ തന്നെ ആയിരുന്നുവെന്നും സുബി പറയുന്നു.
അന്ന് മുതൽ എല്ലാവരുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. അത് തീവ്രമായ ആഗ്രഹമായി മാറി. അതിനുവേണ്ടി അധ്വാനിക്കാൻ തുടങ്ങിയെന്നും ആ സ്വപ്നം താനും കുടുംബവും അഞ്ചു വർഷം മുമ്പേ പൂർത്തീകരിച്ചെന്നും ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.
വലിയൊരു ആഗ്രഹം ബാക്കി വെച്ചാണ് നടി യാത്രയായത്. തന്റെ വിവാഹമായിരുന്നു അത്. അവിവാഹിതയായി തുടരുകയായിരുന്നു സുബി. നേരത്തെ ഒരു ഷോയിൽ ഈ വർഷം ഫെബ്രുവരിയിൽ വിവാഹം ഉണ്ടാകുമെന്ന സുബി പറഞ്ഞിരുന്നു. തുടർന്ന് സുബിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ ആ സ്വപനം ബാക്കിയാക്കിയാണ് താരം യാത്രയായത്.
41 വയസ്സായിരുന്നു സുബി സുരേഷിന്. കൊച്ചിയിലെ രാജഗിരി ആശുപത്രിയിൽ രാവിലെ 10 മണിക്കായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായപ്പോൾ ബന്ധു കരൾ നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ പ്രതീക്ഷിക്കാതെയാണ് മരണമെത്തിയത്.
സിനിമാല എന്ന പരിപാടിയിൽ കൂടിയാണ് താരം അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. പിന്നീട് സ്റ്റേജ് ഷോകളിലും അതുപോലെയുള്ള മറ്റു പരിപാടികളിലും സ്ഥിരം സാന്നിധ്യമായി. അങ്ങനെ പതുക്കെ പതുക്കെ ശ്രദ്ധേയയായി. സുബി രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിൽ സജീവമായത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ തുടങ്ങിയ സിനിമകളുടേയും ഭാഗമായിട്ടുണ്ട്. ഇരുപത് സിനിമകളിൽ അഭിനയിച്ചു.
ഒപ്പമുണ്ടായിരുന്ന സുബി സുരേഷ് വിയോഗം ഉൾക്കൊള്ളാനാകുന്നില്ലെന്ന് സിനിമ ലോകം ഒന്നടകം പറയുന്നു. അവസാനം വരെയും ചിരിച്ച മുഖത്തോടെ മാത്രം കണ്ട സുബിയുടെ ഈ വിയോഗവർത്ത ഏറെ വേദന ജനകമാണ്.
‘ഓരോ പുതിയ തുടക്കവും മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്, വീണ്ടും കാണാം’എന്നാണ് സുബി സുരേഷിന്റെ ഫേസ്ബുക്ക് പേജിൽ അഡ്മിൻ കുറിച്ചത്.
ശാസ്ത്രീയമല്ലാത്ത ഡയറ്റ് രീതികളാവാം രോഗം മുർച്ഛിക്കാനിടയാക്കിയത്, അസുഖത്തേക്കുറിച്ച് ഞാൻ അറിഞ്ഞപ്പോഴേക്കും അവസാന സ്റ്റേജ് എത്തിയിരുന്നു’; ട്രാൻസ്പ്ലാന്റേഷന് പരമാവധി ശ്രമിച്ചിരുന്നെന്ന് നടൻ ടിനി ടോം പറഞ്ഞു.
‘സുബിയുടെ വിവാഹം വരെ ഉറപ്പിച്ചിരുന്നു, ബന്ധു കരൾ നൽകാമെന്ന് പറഞ്ഞിരുന്നു, പ്രതീക്ഷിക്കാതെയാണ് മരണമെത്തിയത്’; സുഹൃത്തിന്റെ ഓർമ്മകളിൽ കലാഭവൻ പ്രസാദ് പറഞ്ഞു.
അസുഖങ്ങൾ വന്നാലും കാര്യമാക്കാതെ ജോലിയെ സ്‌നേഹിച്ച വ്യക്തിയാണ് സുബിയെന്ന് രമേഷ് പിഷാരടി അനുസ്മരിച്ചു.
എപ്പോഴും പുഞ്ചിരിക്കുന്ന മുഖം ..തമാശകളിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ കലാകാരി ..സുബി സുരേഷിന് ആദരാഞ്ജലികൾ…..
Comments