സുബി സുരേഷിന്റെ വിയോഗം ഒട്ടും പ്രതീക്ഷിക്കാത്തതെന്ന് നടൻ സുരേഷ് ഗോപി. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറിയിരുന്ന വ്യക്തിയായിരുന്നു സുബി. ടിവി പരമ്പരകളിലും സിനിമകളിലും പ്രതിഭ തെളിയിച്ച താരമായിരുന്നു. സുബിയുടേത് നികത്താനാകാത്ത നഷ്ടമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
നിയമക്കുരുക്കുകൾ ഇല്ലായിരുന്നുവെങ്കിൽ ഒരുപക്ഷെ സുബിയെ രക്ഷിക്കാൻ സാധിക്കുമായിരുന്നവെന്ന് സുരേഷ്‌ഗോപി പറഞ്ഞു. അവയവക്കച്ചവടം വ്യാപകമായതിനാൽ പലപ്പോഴും യഥാർത്ഥ അവയവ മാറ്റത്തിന് പോലും ഒരുപാട് നൂലാമാലകൾ നേരിടേണ്ടിവരുന്നു. അവയവമാറ്റത്തിന്റെ പേരിൽ ഒരു വിഭാഗം മുതലെടുപ്പ് നടത്തുന്നുണ്ട്. ഒരാൾ അവയവം ദാനം ചെയ്യാനായി ഒരാൾ സന്നദ്ധത പ്രകടിപ്പിച്ചാൽ പോലും അതിനെയും സംശത്തോടെ കാണേണ്ടിവരുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും സുരേഷ് ഗോപി പറഞ്ഞു.
ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സുബിയുടെ മരണം. 41 വയസായിരുന്നു. സിനിമാല എന്ന ടെലിവിഷൻ ഹാസ്യ പരിപാടിയിലൂടെ മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച സുബി, രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനത്തിലൂടെ സിനിമയിൽ എത്തി. തുടർന്ന് നിരവധി സിനിമകളിൽ അഭിനിയച്ചു.
നാളെയാണ് സംസ്‌കാരം.
Comments