ഭോപ്പാൽ: യാത്രക്കാരിലൊരാൾക്ക് അടിയന്തിര വൈദ്യസഹായം ആവശ്യമായി വന്നതിനെ തുടർന്ന് ഡൽഹിയിലേക്കുള്ള വിമാനം ഭോപ്പാലിൽ ഇറക്കി. കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനമാണ് ഭോപ്പാലിലേക്ക് വഴി തിരിച്ചു വിട്ടത്. ഭോപ്പാലിൽ ഇറങ്ങിയ ഉടൻ വിമാനത്താവള അധികൃതർ യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തെ തുടർന്ന് മറ്റ് യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ വിമാനക്കമ്പനി ഖേദം പ്രകടിപ്പിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട് നിന്ന് ദമാമിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടയിൽ സംഭവിച്ച സാങ്കേതിക തകരാറുമൂലം തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇറക്കിയിരുന്നു. 182 യാത്രക്കാരുമായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് രാവിലെ 9:45 ന് പറന്നുയർന്ന വിമാനമാണ് സുരക്ഷിതമായി ഇറക്കിയത്.
2022 ഡിസംബറിൽ ദുബായിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നിന്നും പാമ്പിനെ കണ്ടെത്തിയിരുന്നു. കോഴിക്കോട്ട് നിന്ന് ദുബായിലേക്കുള്ള വിമാനം ഷെഡ്യൂൾ പ്രകാരം പുറപ്പെട്ട് ദുബായ് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം വിമാനത്തിൽ പാമ്പുണ്ടെന്ന് ജീവനക്കാർ അധികൃതരെ അറിയിക്കുകയായിരുന്നു.
Comments