ജൂനിയർ എൻ.ടി.ആർ , രാം ചരൺ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ഇതിഹാസ ചിത്രം ആർആർആർ ലോക ചലച്ചിത്ര ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. സിനിമയ്ക്ക് ലോകമെമ്പാടും നിന്നും പ്രശംസ ലഭിച്ചപ്പോൾ ചിത്രത്തിലെ നാട്ടു നാട്ടു… ഗാനം ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരം കൊണ്ടുവന്നത് കിരീടത്തിലെ മറ്റൊരു പൊൻതൂവലായി മാറിയിരുന്നു.
മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഒറിജിനൽ ഗാനം തുടങ്ങിയ വിഭാഗങ്ങളിലാണ് ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരം കിട്ടിയത്. ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം ആഗോളതലത്തില്‍ സൂപ്പര്‍ ഹിറ്റാണ്. രാം ചരണും ജൂനിയര്‍ എന്‍ടിആറും ചേര്‍ന്ന് തകര്‍പ്പന്‍ ഡാന്‍സ് പ്രകടനം കാഴ്ചവെച്ച പാട്ടിന്റെ ചുവടുകള്‍ പ്രമുഖരടക്കം നിരവധിയാളുകള്‍ പുനരവതരിപ്പിച്ചിട്ടുണ്ട്.
ഇപ്പോഴിതാ നാട്ടു നാട്ടു എന്ന ഗാനത്തിന് ഇന്ത്യയിലെ കൊറിയൻ അംബാസഡർ ചാങ് ജെ-ബോക്കി ചുവടുവെച്ചതിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്. ”ഊര്‍ജ്ജസ്വലവും ആകർഷകവുമായ ടീം പ്രയത്നം” എന്ന അടിക്കുറിപ്പോടുകൂടിയാണ് പ്രധാനമന്ത്രി വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്.
Lively and adorable team effort. 👍 https://t.co/K2YqN2obJ2
— Narendra Modi (@narendramodi) February 26, 2023
”നിങ്ങൾക്ക് നാട്ടു അറിയാമോ?…. കൊറിയൻ എംബസിയുടെ നാട്ടു നാട്ടു നൃത്ത കവർ ഭാഗം നിങ്ങളുമായി പങ്കിടുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. എംബസി സ്റ്റാഫിനൊപ്പം
കൊറിയൻ അംബാസഡർ ചാങ് ജെ-ബോക്കിനെ കാണാം” എന്നാണ് ഇന്ത്യയിലെ കൊറിയൻ എംബസി വീഡിയോയ്ക്കൊപ്പം ട്വിറ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ ഇന്ത്യയിലെ കൊറിയൻ എംബസിയുടെ വീഡിയോ വലിയരീതിയിൽ വൈറലായിരുന്നു. പ്രധാനമന്ത്രി വീഡിയോ റീട്വീറ്റ് ചെയ്തിന് പിന്നാലെ വീണ്ടും ജനശ്രദ്ധനേടുകയാണ്. അതേസമയം, നേരത്തെ ഒരു വിവാഹ ചടങ്ങിനിടെ പാക് നടിയായ ഹനിയ ആമിര്‍ നാട്ടു നാട്ടു എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ദ് വെഡ്ഡിങ് ബ്രിഡ്ജ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
ഭാഷയ്ക്ക് അധീതമായി എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർആർആർ എന്ന ചിത്രവും, നാട്ടു നാട്ടു എന്ന ഗാനവും ലോകശ്രദ്ധ നേടുകയാണ്. ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിൽ ആർ ആർ ആർ ടീം എത്തിച്ചു. രാംചരണും ജൂനിയർ എൻടിആറും അഭിനയിച്ച ചിത്രം ഹോളിവുഡ് ക്രിട്ടിക്സ് അസോസിയേഷൻ ഫിലിം അവാർഡിൽ നാല് അവാർഡുകളാണ് സ്വന്തമാക്കിയത്. മികച്ച ആക്ഷൻ ചിത്രം, മികച്ച സംഘട്ടനം, മികച്ച ഗാനം എന്നീ വിഭാഗങ്ങളിലാണ് ആർആർആർ പുരസ്കാരങ്ങൾ നേടിയത്. നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ നോമിനേഷനുണ്ടായിരുന്നു.
നാട്ടു നാട്ടു… പാടിയിരിക്കുന്നത് കാലഭൈരവയും രാഹുൽ സിപ്ലിഗുങ്ങും ചേർന്നാണ്. ഈ ചടുലമായ നൃത്തചുവടുകൾ കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത് പ്രേം രക്ഷിത്താണ്. ഏകദേശം 20 ദിവസത്തോളം ചിലവിട്ടാണ് രാം ചരണും, ജൂനിയർ എൻ.ടി.ആറും ഗാനം ചിത്രീകരിച്ചത്. അതിലുമുപരി രണ്ടു മാസം കൊണ്ടാണ് ഇത്തരമൊരു ചടുല നൃത്ത രൂപം കൊറിയോഗ്രാഫർ ചിട്ടപ്പെടുത്തിയെടുത്തത്. സിനിമ ഓസ്കർ നേടിയാൽ താനും ജൂനിയർ എൻടിആറും സ്റ്റേജിൽ നൃത്തം ചെയ്യുമെന്ന് രാം ചരൺ നേരത്തെ പറഞ്ഞിട്ടുണ്ട്.
ജൂനിയർ എൻ. ടി. ആർ ,രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ സിനിമയാണ് ആർആർആർ. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകൾക്കുള്ള ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ZEE5 സ്വന്തമാക്കിയപ്പോൾ ഹിന്ദി, ഇംഗ്ലീഷ്, പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ് പതിപ്പുകൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. സീ നെറ്റ്വർക്ക് ഹിന്ദി പതിപ്പിന്റെ സാറ്റലൈറ്റ് അവകാശവും സ്റ്റാർ ഇന്ത്യ നെറ്റ്വർക്ക് ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ പതിപ്പുകളുടെ സാറ്റലൈറ്റ് അവകാശവും സ്വന്തമാക്കിയിരുന്നു.
Comments