റായ്പൂർ: തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന് പറഞ്ഞ വയനാട് എംപി രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. തന്റെ ഉത്തരവാദിത്വം മനസിലാക്കാൻ രാഹുൽ ഗാന്ധി വളരെയധികം വൈകിപോയി എന്നും എല്ലാ സർക്കാർ വസതികളും ഗാന്ധി കുടുംബത്തിന്റെ സ്വന്തമാണെന്നാണ് കോൺഗ്രസ് കരുതിയിരുന്നതെന്നും ബിജെപി തുറന്നടിച്ചു. കോൺഗ്രസ് പാർട്ടിയുടെ 85-ാം പ്ലീനറി സമ്മേളനത്തിലായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. അമ്പത്തിരണ്ട് വയസ്സു കഴിഞ്ഞിട്ടും തനിക്ക് സ്വന്തമായി ഒരു വീടില്ലെന്നും ഭാരത് ജോഡോ യാത്ര കശ്മീരിൽ എത്തിയപ്പോൾ അതൊരു വീടായി തോന്നിയെന്നുമായിരുന്നു വയനാട് എംപി പറഞ്ഞത്.
’52 വർഷത്തിന് ശേഷം, രാഹുൽ ഗാന്ധി ഉത്തരവാദിത്തങ്ങളെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. അതും, പാർട്ടി അദ്ധ്യക്ഷസ്ഥാനം ഉപേക്ഷിച്ച് തന്റെ ഉത്തവാദിത്വത്തെപ്പറ്റി സംസാരിക്കുന്നു. രാഹുൽ ഗാന്ധിയോട് ഒരു കാര്യം പറയാം. ഗാന്ധി കുടുംബത്തിലെ എല്ലാവരെയും പോലെ ഉത്തരവാദിത്വങ്ങളൊന്നും ഏറ്റെടുക്കാതെ ഉത്തരവാദിത്വത്തെപ്പറ്റി സംസാരിക്കുകയാണ് താങ്കളും. 52 വർഷത്തിന് ശേഷം നിങ്ങൾ തിരിച്ചറിഞ്ഞത് ഞങ്ങളുടെ രണ്ട് പ്രധാനമന്ത്രിമാർക്കും അവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ മനസ്സിലായതാണ്. എല്ലാ സർക്കാർ വസതികളും നിങ്ങളുടേതാണെന്ന് നിങ്ങൾ കരുതിയിരുന്നു. തനിക്ക് അവകാശപ്പെട്ടതാണെന്ന് ഗാന്ധി കുടുംബം വാദിച്ചു’ എന്ന് രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി ദേശീയ വക്തവാവ് സാംബിത് പാത്ര പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ വാക്കുകൾ,
‘എനിക്ക് ഇപ്പോൾ 52 വയസ്സായി, ഇപ്പോഴും എനിക്ക് ഒരു വീടില്ല. അലഹബാദിലുള്ള ഒരു കുടുംബവീട് ഞങ്ങളുടേതല്ല. ഞാൻ 12 തുഗ്ലക് ലെയ്നിലാണ് താമസിക്കുന്നത്. എന്നാൽ അത് എന്റെ വീടല്ല. അതിനാൽ ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോൾ മുതൽ എന്റെ ഉത്തരവാദിത്വം എന്താണെന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു. അപ്പോഴാണ് എന്റെ മനസ്സിൽ ഒരു ആശയം വന്നത്. ഈ യാത്ര എല്ലാവർക്കും ഒരു വീടായി മാറും. പണക്കാർക്കും ദരിദ്രർക്കും മൃഗങ്ങൾക്കും അങ്ങനെ എല്ലാവർക്കും ഭാരത് ജോഡോ യാത്ര ഒരു വീടായി മാറും. ചെറിയ ആശയമായിരുന്നെങ്കിലും അതിന്റെ ആഴം പിന്നീടാണ് മനസിലായത്. യാത്ര കശ്മീരിൽ എത്തിയപ്പോൾ അതൊരു വീടായി എനിക്ക് തോന്നി. ഞാൻ കുഞ്ഞിലെ താമസിച്ചിരുന്ന വീട്ടിലെ സാഹചര്യം വിചിത്രമായിരുന്നു. ഞാൻ മമ്മിയുടെ അടുത്ത് ചെന്ന് എന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ചു. നമ്മൾ ഈ വീട് വിടുകയാണ് എന്ന് മമ്മി പറഞ്ഞു. അത് എന്റെ വീടാണെന്നാണ് ഞാൻ കരുതിയിരുന്നത്. അത് നമ്മുടെ വീടല്ല, സർക്കാരിന്റെ വീടാണെന്ന് മമ്മി പറഞ്ഞു. ഇതറിഞ്ഞതു മുതൽ ഞാൻ അസ്വസ്ഥനായി. ഇനി എങ്ങോട്ട് പോകുമെന്ന് ചോദിച്ചപ്പോൾ ‘നഹി മാലൂം'(എനിക്ക് അറിയില്ല) എന്നായിരുന്നു അമ്മ പറഞ്ഞത്‘.
Comments