തിരുവനന്തപുരം: പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളെ വലയ്‌ക്കുമ്പോൾ പ്രതിരോധ ജാഥ എന്ന പേരിൽ സിപിഎം പ്രതിഷേധ യാത്ര സംഘടിപ്പിക്കുന്നതിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎമ്മിന്റെ ബുദ്ധി ജീവികൾ നിർദ്ദേശിച്ച ‘പ്രതിരോധ ജാഥ’ എന്ന പേര് എന്തുകൊണ്ടും യോഗ്യമാണ്. പിണറായി വിജയൻ സർക്കാരിന്റെ അഴിമതി, സ്വർണക്കള്ളക്കടത്ത്, ഡോളർ കടത്ത്, ലൈഫ് മിഷൻ കോഴ, പെട്രോൾ-ഡീസൽ സെസ്, വിലക്കയയറ്റം, മുഖ്യമന്ത്രിയുടെ ദുതിതാശ്വാസ നിധിയിലെ കൊള്ള എന്നിവയുൾപ്പടെ ഓരോ ദിവസവും പുറത്തു വരുന്ന തട്ടിപ്പുകളുടെയും കൊള്ളയുടെയും ജനദ്രോഹ നടപടികളുടെയും അടിസ്ഥാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിരോധിക്കാനുള്ള ജാഥയാണ് ഗോവിന്ദന്റെ പ്രതിരോഥ ജാഥ എന്ന് സുരേന്ദ്രൻ വിമർശിച്ചു.
ശതകോടിയുടെ കൊള്ളയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നടന്നിരിക്കുന്നത്. കേവലം രണ്ട് ഉദ്യോഗസ്ഥർ നടത്തിയ അഴിമതിയല്ല ഇത്. ഉന്നതന്മാരായ രാഷ്‌ട്രീയ നേതാക്കളുടെ പിന്തുണയോടു കൂടിയാണ് ഇത്തരം തട്ടിപ്പുകൾ നടന്നിരിക്കുന്നത്. ജനങ്ങളുടെ ദുരിതാശ്വാസ നിധിയിൽ നടന്ന തട്ടിപ്പിൽ പിണറായി വിജയനും എം.വി ഗോവിന്ദനും ജനങ്ങളോട് മറുപടി കൃത്യമായി പറയണം. കോഴിക്കോട്ട് പ്രതിരോധ യാത്രയ്‌ക്ക് വന്ന വാഹനങ്ങളെല്ലാം മാഹിയിൽ നിന്നുമാണ് പെട്രോൾ അടിക്കുന്നത്. മുഖ്യമന്ത്രിയുടെ വാഹനങ്ങളും അകമ്പടി പോകുന്ന പോലീസ് വാഹനങ്ങളും എല്ലാം മാഹിയിൽ നിന്നും പെട്രോൾ അടിക്കുന്നു. ഇതാണ് കേന്ദ്രഭരണ പ്രദേശവും കേരളവും തമ്മിലുള്ള വ്യത്യാസം. കേന്ദ്രത്തിൽ നിന്നും 20,000 കോടി കിട്ടാനുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറയുന്നു. 40,000 കോടി രൂപ കിട്ടാനുണ്ടെന്ന് ജാഥയിൽ ഗോവിന്ദൻ പറഞ്ഞു നടക്കുന്നു. എന്ത് കൊട്ട കണക്കാണിത്. ഏത് വകയിലാണ് കേരളത്തിന് ഇത്രയധികം പണം ലഭിക്കാനുള്ളത്. ജനങ്ങളെ കബളിപ്പിക്കുകയാണ് സിപിഎം.
കേരളത്തിന് എന്താണ് കേന്ദ്രം നൽകുന്നതെന്ന് കൃത്യമായ ജനങ്ങളിലേയ്‌ക്ക് ബിജെപി എത്തിക്കും. പച്ചക്കള്ളങ്ങളുടെ ഒരു പെരുമഴയാണ് ജാഥയിലുടനീളം ഗോവിന്ദൻ പറയുന്നത്. ഇതൊന്നും ജനങ്ങൾ വിശ്വസിക്കുന്നില്ലെന്ന് സിപിഎം മനസ്സിലാക്കണം. ശിവശങ്കർ ജയിലിൽ കിടക്കുകയാണ്. മറ്റൊരാൾ ഇഡിക്ക് മുന്നിൽ ഹാജരാകില്ല എന്ന വാശിയിലാണ്. ഹാജരാക്കാൻ അന്വേഷണ ഏജൻസികൾക്ക് നന്നായി അറിയാം. കൊള്ള നടത്തിയതിന്റെ പങ്ക് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്‌ക്കാണ് പോയത്. ഇതിനുള്ള ഉത്തരം സി.എം രവീന്ദ്രനും ശിവശങ്കരനും പറയണം. പാവങ്ങളുടെ പണം കൊള്ളയടിക്കുന്നത് മുഖ്യമന്ത്രിയുമായി ഏറ്റവും അടുപ്പമുള്ള രണ്ടു പേരാണ്. ഇതിനെപ്പറ്റി മുഖ്യമന്ത്രി മറുപടി പറഞ്ഞേ മതിയാകൂ. കോൺഗ്രസിനെ പോലെ എല്ലാത്തിലും അഡ്ജസ്റ്റുമെന്റ് ചെയ്യുന്ന പരിപാടി ബിജെപിക്കില്ല. ഞങ്ങൾ ശക്തമായി പ്രതികരിക്കും. വ്യാജ സർക്കാർ എന്ന് പറഞ്ഞാൽ അത് പിണറായി സർക്കാരാണ് എന്നും സുരേന്ദ്രൻ തുറന്നടിച്ചു.
















Comments