ലോക സമ്പന്നരുടെ പട്ടികയിൽ ഇലോൺ മസ്ക്ക് വിണ്ടും ഒന്നാമത്. ടെസ്ല ഓഹരിയിൽ ഉണ്ടായ കുതിപ്പാണ് മസ്കിന് സ്ഥാനം നേടാൻ തുണയായത്. ഫ്രഞ്ച് കോടിശ്വരൻ ബർണാഡ് അർനോയെയാണ് മസ്ക് മറികടന്നത്.
കഴിഞ്ഞ ദിവസത്തെ കണക്ക് പ്രകാരം 187.1 ബില്യൺ ഡോളറാണ് മസ്കിന്റെ ആകെ മൂല്യം. അതേസമയം ബർണാഡ് അർനോയുടേത് 185.3 ബില്യൺ ഡോളറും. ഏകദേശം രണ്ട് ബില്യൺ ഡോളറിന്റെ അധിക മൂല്യത്തിലൂടെയാണ് മസ്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
മസ്കിന്റെ ആസ്തിയിൽ പ്രധാന പങ്ക് വഹിക്കുന്നത് ടെസ്ലയാണ്. എന്നാൽ കഴിഞ്ഞ വർഷം ഇലോൺ മസ്കിന് പൊതുവെ പ്രതിസന്ധി നിറഞ്ഞതായിരുന്നു. ടെസ്ലയുടെ വിപണി മൂല്യത്തിൽ വൻ ഇടിവായിരുന്നു ഉണ്ടായിരുന്നത്.
ട്വീറ്റർ ഏറ്റെടുത്തതിന് പിന്നാലെയായിരുന്നു പ്രതിസന്ധികൾ ആരംഭിച്ചത്. 44 ബില്യൺ ഡോളറായിരുന്നു ട്വീറ്റർ സ്വന്തമാക്കാൻ മസ്ക് ചെലവഴിച്ചത്. എന്നാൽ ഇതിനെയെല്ലാം മറികടന്നാണ് വീണ്ടും ഒന്നാം സ്ഥാനത്തെത്തിയത്. ഓരോ ദിവസവും നാല് ബില്യൺ ഡോളറിന്റെ നഷ്ടം ട്വീറ്ററിലൂടെ ഉണ്ടാകുന്നു എന്ന് മസ്ക് തന്നെ വെളിപ്പെടുത്തിയിരുന്നു. മസ്ക് ട്വീറ്റർ സിഇഒ പദവി ഏറ്റെടുത്ത ശേഷം 3700 പേരെ പിരിച്ചുവിട്ടിരുന്നു.
Comments