തിരുവനന്തപുരം: ലൈഫ് മിഷൻ കോഴ കേസിൽ ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറും സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷും തമ്മിലുള്ള വാട്സ്ആപ് ചാറ്റുകൾ പുറത്ത്. ജോലിക്കായി സ്വപ്ന മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്ന സുരേഷിനെ നോർക്കയുടെ കീഴിലെ നിക്ഷേപ കമ്പനിയിൽ നിയമിക്കാൻ എം ശിവശങ്കർ നീക്കം നടത്തിയെന്നും തെളിയിക്കുന്ന വാട്സ് ആപ്പ് ചാറ്റുകളാണ് പുറത്തായത്.
സ്വപ്ന മുഖ്യമന്ത്രിയെ കണ്ടത് സിഎം രവീന്ദ്രനെ അറിയിച്ചെന്ന് ചാറ്റിൽ ശിവശങ്കർ പറയുന്നു. സ്വപ്നയ്ക്ക് നോർക്കയുടെ സ്ഥാപനത്തിൽ ജോലി നൽകുന്ന കാര്യങ്ങളടക്കം സുഖവിവരങ്ങൾ അന്വേഷിക്കുന്നുമുണ്ട് ചാറ്റിൽ. ഭക്ഷണം കഴിച്ചോ എന്ന സ്വപ്നയുടെ ചോദ്യത്തിന് കഞ്ഞി കുടിച്ചെന്നായിരുന്നു ശിവശങ്കറിന്റെ മറുപടി. താൻ സാൻഡ് വിച്ച് കഴിച്ചെന്ന് സ്വപ്നയും പറയുന്നു. നിങ്ങളെ ഇത്ര തകർന്ന അവസ്ഥയിൽ കണ്ടിട്ടില്ലെന്നും തനിക്കത് സഹിക്കാനാകില്ലെന്നും ആശങ്കപ്പെടേണ്ടെന്നും എല്ലാം ശരിയാകുമെന്നും ശിവശങ്കർ സ്വപ്നയോട് പറഞ്ഞു. സുഖമില്ലെന്ന സ്വപ്ന മറുപടി നൽകുമ്പോൾ കുറച്ച് ഉറങ്ങാനും ശിവശങ്കർ ഉപദേശിക്കുന്നു. നോർക്കയുടെ സ്ഥാപനത്തിൽ ജോലി ലഭിച്ചാൽ വിദേശരാജ്യങ്ങളിലേക്ക് യാത്ര നടത്തേണ്ടി വരുമെന്നും ശിവശങ്കർ സൂചന നൽകി.
കോൺസുലേറ്റിൽ നിന്ന് രാജിവെച്ച സ്വപ്നയ്ക്ക് ജോലി നൽകാൻ ശിവശങ്കർ ഇടപെട്ടന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാറ്റിലെ വിവരങ്ങൾ. നോർക്കയുടെ ഇൻവെസ്റ്റ്മെന്റ് കമ്പനിയിൽ ജോലി നൽകാമെന്നാണ് ശിവശങ്കറിന്റെ വാഗ്ദാനം. എംബിഎ ബിരുദമുള്ള ഒരാളെ വേണമെന്നും നിങ്ങളുടെ പേര് ഞാൻ നിർദേശിച്ചിട്ടുണ്ടെന്നും, എല്ലാവരും അംഗീകരിച്ചെന്നും ശിവശങ്കർ ചാറ്റിൽ പറഞ്ഞു. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അവതരിപ്പിക്കുമെന്നും ശിവശങ്കർ ഉറപ്പ് നൽകി. നിങ്ങളുടെ രാജിയിൽ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ഞെട്ടിയെന്നും ചാറ്റിൽ പറയുന്നുണ്ട്.
Comments