മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് സ്വപ്ന സുരേഷ്. പ്രമുഖ ഗുണ്ടയാണ് മുഖ്യമന്ത്രിയെന്ന് സ്വപ്ന തുറന്നടിച്ചു. ഭാര്യയ്ക്കും മകനും മകൾക്കും വേണ്ടി തന്നെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് പിണറായി വിജയനെന്ന് വിവാദ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതിന് പിന്നാലെ ജനം ടിവിയോട് സ്വപ്ന സുരേഷ് പ്രതികരിച്ചു.
മണിക്കൂറുകളോളം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ജോലി സംബന്ധമായും ബിസിനസ്സുകൾ സംബന്ധിച്ചുമാണ് സംസാരിച്ചത്. ചിലനേരങ്ങളിൽ ചർച്ചകളിൽ ശിവശങ്കറും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ കച്ചവടങ്ങൾക്കായി മാത്രം താൻ വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. എന്നിട്ടും തന്നെ കണ്ടിട്ട് പോലുമില്ലെന്ന് പറയാൻ മുഖ്യമന്ത്രിക്കെങ്ങനെ കഴിയുന്നുവെന്ന് സ്വപ്ന സുരേഷ് ചോദിച്ചു. തന്നെ അറിയില്ലെന്നതിനുള്ള വ്യക്തമായ തെളിവ് മുഖ്യമന്ത്രി പുറത്തുവിടണം. അന്നേ ദിവസങ്ങളിലെ ക്ലിഫ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ ധൈര്യമുണ്ടോ എന്നും സ്വപ്ന വെല്ലുവിളിച്ചു. പിണറായി വിജയനെ കണ്ട കണ്ട തീയതികൾ പുറത്തുവിടാൻ താൻ തയ്യാറാണെന്നും അവർ ജനം ടിവിയോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ തന്ത്രമാണ് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. ആളുകളുടെ ശ്രദ്ധ തിരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. എന്തെങ്കിലും പുറത്തുവന്നാൽ പാർട്ടി വക്താക്കൾ ചാനൽ ചർച്ചകളിൽ മറ്റും വന്ന് കള്ളങ്ങൾ പടച്ചുവിടും. കേരളത്തിലെ മനുഷ്യർക്ക് വിവരമുണ്ടെങ്കിൽ സത്യമെന്താണെന്ന് മനസിലാക്കാൻ കഴിയും. താൻ പ്രമുഖ ഗുണ്ട ആണെന്നാണ് മുഖ്യമന്ത്രി അവകാശപ്പെടുന്നത്. അതിന്റേതായ പ്രത്യാഘാതങ്ങൾ തനിക്ക് ഏൽക്കുന്നുണ്ടെന്നും സ്വപ്ന സുരേഷ് വെളിപ്പെടുത്തി.
Comments