ഇന്ത്യയ്‌ക്ക് ഇത് കുറച്ച് ഉയരം കൂടിയ അഭിമാന നേട്ടമാണ്. കിളിമഞ്ജാരോ എന്ന പർവ്വതം ഒരിക്കൽ കൂടി തലകുനിച്ചു. 5895 മീറ്റർ ഉയരത്തിലുള്ള ഉഹുറു കൊടുമുടി കീഴടക്കി ഒരു മലയാളി ഐഎഎസുകാരൻ. ആഫ്രിക്കൻ പർവതത്തിന്റെ നെറുകയിൽ ഇന്ത്യൻ പതാക ഉയർത്തിയപ്പോൾ പിറന്നത് ചരിട്രം കൂടിയാണ്. കിളിമഞ്ജാരോ കീഴടക്കിയ ആദ്യ ഐഎഎസുകാരൻ എന്ന ബഹുമതിയ്‌ക്ക് അർഹനായിരിക്കുകയാണ് അർജുൻ പാണ്ഡ്യൻ.
ഫെബ്രുവരി മൂന്നാം വാരമാണ് ജോലി തിരക്കുകൾക്ക് താത്കാലിക വിരാമമിട്ട് അർജുൻ പാണ്ഡ്യൻ യാത്രയായത്. ഒറ്റയ്‌ക്കാണ് അദ്ദേഹം താൻസാനിയയ്‌ക്ക് വിമാനം കയറിയത്. ഹിമാലയൻ പർവതാരോഹണ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള അടിസ്ഥാന പർവതാരോഹണ കോഴ്സും ഉത്തരകാശിയിലെ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനിയറിങ്ങിൽ നിന്ന് അഡ്വാൻസ് കോഴ്‌സും അർജുൻ പാണ്ഡ്യൻ പൂർത്തിയാക്കിയിട്ടുണ്ട്.
ഉപകരണങ്ങളുടെ സഹായമില്ലാതെ കീഴടക്കാവുന്ന കൊടുമുടിയാണ് കിളിമഞ്ജാരോയ്‌ക്ക് മുകളിലുള്ള ഉഹുറു കൊടുമുടി. ഈ പ്രത്യേകത പർവ്വതാരോഹണം ആയാസ.രഹിതമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. 12 മണിക്കൂർ നീണ്ട സാഹസികതയ്‌ക്കൊടുവിൽ പുലർച്ചെ ഉറുഹുകൊടുമുടിക്കു മുകളിൽ ഇന്ത്യൻ പതാക ഉയർത്തി. രണ്ടുദിവസംകൊണ്ട് പർവതമിറങ്ങി മോഷിടൗണിൽ തിരികെയെത്തി.
ഇടുക്കി ഏലപ്പാറയ്‌ക്കടുത്ത് കാവക്കുളത്തെ കർഷക കുടുംബത്തിലാണ് അർജുൻ പാണ്ഡ്യന്റെ ജനനം. ഏലം കർഷകനായ സി.പാണ്ഡ്യനും അങ്കണവാടി അദ്ധ്യാപികയായ ഉഷാകുമാരിയുമാണ് മാതാപിതാക്കൾ. കൊല്ലം ടികെഎം എൻജിനിയറിങ് കോളേജിൽനിന്ന് ബിടെക് നേടിയശേഷമാണ് 2017 ബാച്ചുകാരനായി സിവിൽ സർവീസിലെത്തിയത്. ഡോക്ടറായ പി.ആർ. അനുവാണ് ഭാര്യ.
Comments