തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തൃശൂരിൽ. മാർച്ച് അഞ്ചിന് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. തൃശൂർ വടക്കുംനാഥ ക്ഷേത്രമൈതാനിയിൽ വൈകുന്നേരം 5 മണിക്കാണ് ബിജെപി പൊതുസമ്മേളനം നടക്കുക.
ആഭ്യന്തരമന്ത്രിയുടെ സന്ദർശനം സമൂഹമാദ്ധ്യമത്തിൽ തരംഗമാക്കി മാറ്റുന്നതിനായി സംസ്ഥാന ബിജെപി ഐടി നേതൃത്വം പ്രൊഫൈൽ പിക്ചർ ക്യാമ്പയിൻ ഇന്ന് സംഘടിപ്പിക്കും. വൈകീട്ട് 6-ന് കേരളത്തിലെ എല്ലാ ബിജെപി നേതാക്കളും പ്രവർത്തകരും അനുഭാവികളും വാട്സ്ആപ്പ്, ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, നമോആപ്പ് തുടങ്ങിയ സമൂഹമാദ്ധ്യമങ്ങളിലെ പ്രൊഫൈൽ പിക്ച്ചറുകൾ ഒരേസമയം ചുവടെ നൽകിയിരിക്കുന്ന ചിത്രം
പ്രൊഫൈൽ പിക്ചറാക്കി മാറ്റിക്കൊണ്ട് #ThrissurWelcomesAmitshah എന്ന ഹാഷ്ടാഗ് ചേർത്ത് പോസ്റ്റ് ചെയ്തുകൊണ്ട് ക്യാമ്പയിനിന്റെ ഭാഗമായി അണിനിരക്കും.
മാർച്ച് അഞ്ചിന് തൃശൂരിലെത്തുന്ന അമിത് ഷായുടെ പ്രധാന പരിപാടികളിലൊന്ന് ശക്തൻ തമ്പുരാൻ സമാധി സന്ദർശനമാണ്. ശക്തൻ സമാധിയിൽ അമിത് ഷാ പുഷ്പാർച്ചന നടത്തും. തൃശൂരിന്റെ ശിൽപ്പിയും തൃശൂർ പൂരത്തിന്റെ ഉപജ്ഞാതാവുമാണ് ശക്തൻ തമ്പുരാൻ. രാജ്യ കാര്യങ്ങളിലെ കണിശതയും നിശ്ചയദാർഢ്യവുമാണ് കൊച്ചിരാജ്യത്തെ ഭരണാധികാരിയായിരുന്ന രാമവർമ്മ തമ്പുരാനെ ശക്തൻ തമ്പുരാൻ എന്ന വിളിപ്പേരിന് അർഹനാക്കിയത്. വടക്കെച്ചിറ കൊട്ടാരത്തിന്റെ തെക്കേ വളപ്പിൽ ആദ്യം കാണുന്നതാണ് ശക്തന്റെ ശവകൂടീരം. ആധുനിക തൃശൂരിന്റെ ശിൽപ്പി ശക്തൻ തമ്പുരാന്റെ സമാധി സ്ഥലത്ത് അമിത് ഷാ എത്തുന്നതോടെ അദ്ദേഹത്തിന്റെ സ്മാരകവും ദേശീയ ശ്രദ്ധയാകർഷിക്കും.
അതേസമയം അമിത് ഷായുടെ സന്ദർശനത്തിന്റെ ഭാഗമായി ജില്ലയിൽ ബിജെപി പതാക ദിനം ആചരിച്ചു. ബൂത്ത് തലങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പതാക ഉയർത്തി.
Comments