ബെംഗളൂരു : അമ്മ മരിച്ചുവെന്നറിയാതെ രണ്ടു ദിവസം മൃതദേഹത്തിനൊപ്പം ഉറങ്ങി 11 വയസ്സുകാരൻ. അമ്മ ഉറങ്ങുകയാണെന്ന് കരുതിയാണ് കുട്ടിയും ഒപ്പമുറങ്ങിയത്. ബെംഗളൂരു ആർടി നഗർ സ്വദേശി അന്നമ്മയാണ് മരിച്ചത്. അമിത രക്തസമ്മർദ്ദവും പ്രമേഹവും ഉൾപ്പടെ നിരവധി ആരോഗ്യ പ്രശ്നങ്ങൾ അന്നമ്മയ്ക്കുണ്ടായിരുന്നു. ഉറക്കത്തിനിടയിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
അമ്മ മരിച്ചത് മനസ്സിലാകാതെ രണ്ട് ദിവസമാണ് പതിനൊന്നുകാരനായ മകൻ ഒപ്പം കഴിഞ്ഞത്. കൂട്ടുകാരുടെ കൂടെ കളിക്കാൻ പോകുന്ന കുട്ടി അവർക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു പതിവ്. എന്നാൽ രണ്ട് ദിവസമായിട്ടും അമ്മ എണീക്കാതിരുന്നപ്പോൾ വിവരം കൂട്ടുകാരുമായി പങ്കുവെച്ചു. കഴിഞ്ഞ രണ്ട് ദിവസമായി അമ്മ ഒന്നും സംസാരിക്കുന്നില്ലെന്നും ഉറങ്ങുകയാണെന്നും കുട്ടി പറഞ്ഞു.
കുട്ടികൾ അവരുടെ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ വീട്ടിലെത്തിയതോടെയാണ് കാര്യങ്ങൾ പുറത്തറിയുന്നതെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസ് മൃതദേഹം ഏറ്റുവാങ്ങുകയും സംസ്കാര ചടങ്ങുകൾ നടത്തുകയുമായിരുന്നു.
Comments