ഏതൻസ്: ഗ്രീസിൽ ചരക്ക് തീവണ്ടിയും പാസഞ്ചർ ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം 57 കടന്നു. 85 പേർക്ക് പരിക്കേറ്റു. അപകടസമയത്ത് തീവണ്ടിയിൽ 350 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. പാസഞ്ചർ തീവണ്ടി പൂർണമായും തകർന്നിരുന്നു. ആദ്യ മൂന്ന് കോച്ചുകളിൽ തീ ആളി കത്തുകയായിരുന്നു. തുടർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണക്കാൻ കഴിഞ്ഞത്.
രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിന്റെ കാരണം ഇതുവരെയും വ്യക്തമല്ല. ആദ്യ നാല് കോച്ചുകൾക്ക് പാളം തെറ്റിയപ്പോൾ ആദ്യത്തെ രണ്ട് കോച്ചുകൾ ‘ഏതാണ്ട് പൂർണ്ണമായും നശിച്ചു’ എന്ന് തെസ്സാലി മേഖല ഗവർണർ കോൺസ്റ്റാന്റിനസ് അഗ്രാസ്റ്റോസ് പറഞ്ഞു. കാണാതായ ഒട്ടേറെപ്പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.
എന്നാൽ, മോശം റെയിൽവേ സുരക്ഷയെച്ചൊല്ലി ഗ്രീസിൽ സർക്കാരിനെതിരെയുള്ള രോക്ഷം ആളികത്തുകയാണ്. പ്രതിഷേധ പ്രകടനവുമായി നിരവധിപേരാണ് തെരുവിലിറങ്ങിയത്. വിദ്യാർത്ഥികളും തൊഴിലാളി യൂണിയനുകളും സംഘടിപ്പിച്ച പ്രതിഷേധത്തിൽ ഹെല്ലനിക് ട്രെയിനിന്റെ സെൻട്രൽ ഏഥൻസ് ആസ്ഥാനത്തിന് പുറത്ത് ആളുകൾ തടിച്ചുകൂടുകയും സർക്കാരിനെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു. ഇതിനെ തുടർന്ന് ഗ്രീക്ക് ഗതാഗത മന്ത്രി രാജിവച്ചു .
ദുരന്തം നടന്ന പ്രദേശത്തിനുസമീപമുള്ള തെസ്സലോനിക്കി, ലാറിസ എന്നിവിടങ്ങളിലാണ് ശക്തമായ പ്രതിഷേധം ഉടലെടുത്തത്. അപകടത്തെത്തുടർന്ന് രാജ്യത്ത് മൂന്നുദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് സ്വതന്ത്രസമിതി അന്വേഷിക്കുമെന്ന് സർക്കാർ ഉറപ്പുനൽകി.
Comments