മനുഷത്വം മരവിച്ചിട്ടില്ലെന്ന് തെളിയിച്ച് സ്‌കൂൾ വിദ്യാർത്ഥി. ജീവന്റെ തുടിപ്പ് മനുഷ്യന്റേതായാലും പക്ഷിമൃഗാതികളുടേതായാലും വിലപ്പെട്ടതാണെന്ന് തെളിയിക്കുന്ന സ്‌കൂൾ വിദ്യാർത്ഥിയുടെ വീഡിയോ ആണ് വൈറൽ ആയിരിക്കുന്നത്.
സബിത ചന്ദ എന്ന ഉപയോക്താവ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. വലയിൽ കുടുങ്ങി കിടക്കുന്ന കാക്കയെ രക്ഷിക്കുന്ന സ്‌കൂൾ വിദ്യാർത്ഥി എന്നതാണ് വീഡിയോയുടെ കാതൽ.
സ്‌കൂൾ യൂണിഫോമിൽ നിൽക്കുന്ന വിദ്യാർത്ഥി വലയിൽ കുരുങ്ങി കിടക്കുന്ന കാക്കയെ കാണുന്നു. സുരക്ഷിതമായി കാക്കയെ എടുത്ത് പിടിച്ച ശേഷം കുടുങ്ങി കിടക്കുന്ന വലയുടെ ഓരോ കണ്ണിയും സൂക്ഷ്മമായി അഴിച്ചുമാറ്റുന്ന വിദ്യാർത്ഥിയെയാണ് കാണുവാൻ സാധിക്കുന്നത്, വിജയകരമായി വലയിൽ നിന്നും കാക്കയെ വേർപെടുത്തിയെടുത്തതിന് ശേഷം അവന്റെ മുഖത്തെ പുഞ്ചിരിയും വീഡിയോയിൽ ദൃശ്യമാണ്. കൂടാതെ പക്ഷിയെ നെഞ്ചോട് ചേർത്തു പിടിച്ചു കഴിയുമ്പോൾ മറ്റു കുട്ടികളും അതിനെ തലോടുന്നതും വീഡിയോയിൽ കാണാം.
‘കരുണയുള്ള ഹൃദയം എണ്ണമറ്റ ജീവിതങ്ങൾക്ക് തുണയാകുന്നു’ എന്ന അടിക്കുറിപ്പോട് കൂടിയാണ് സബിത ചന്ദ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾ കൊണ്ട് തന്നെ 26,000-ലധികം വ്യൂവേഴ്സിനെയാണ് വീഡിയോ നേടിയെടുത്തത്. നിരവധി പേരാണ് ആശംസകളും പ്രശംസകളും കമന്റുകളിലൂടെ അറിയിച്ചത്.
Comments