കെ റെയിൽ വന്നാൽ കൂറ്റനാടു നിന്ന് കൊച്ചിയിലെത്തി അപ്പം വിൽക്കാം; ചൂടപ്പം അര മണിക്കൂർ കൊണ്ട് വിറ്റുപോകും; ഇതോടെ അമ്പതു കൊല്ലത്തിനപ്പുറം വളർച്ച കേരളം നേടും: എം.വി ഗോവിന്ദൻ

Published by
Janam Web Desk

തൃത്താല: കേരളത്തിൽ കെ റെയിൽ വന്നാൽ പാലക്കാട് കൂറ്റനാടുനിന്ന് അപ്പമുണ്ടാക്കി കൊച്ചിയിൽ കൊണ്ടുപോയി വിറ്റ് ഉച്ചഭക്ഷണത്തിനു മുമ്പ് വീട്ടിൽ തിരികെയെത്താമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കെ റെയിൽ നിലവിൽ വന്നാലുള്ള നേട്ടങ്ങളായാണ് ഇക്കാര്യം എം.വി ഗോവിന്ദൻ പറഞ്ഞത്. പാലക്കാട് തൃത്താലയിൽ ജനകീയ പ്രതിരോധ ജാഥയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കെ റെയിൽ നിലവിൽ വന്നാൽ അമ്പതു കൊല്ലത്തിന്റെ അപ്പുറത്തെ വളർച്ചയാണ് കേരളത്തിനുണ്ടാവുന്നത്. 39 വണ്ടികളാണ് കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ളത്. തിരിച്ചും 39 വണ്ടികൾ. ഇരുപത് മിനിറ്റ് ഇടവിട്ട് വണ്ടി. കൂറ്റനാടു നിന്ന് രാവിലെ എട്ടുമണിക്ക് കുടുംബശ്രീക്കാർക്ക് രണ്ട് വലിയ കെട്ട് അപ്പവുമായി പുറപ്പെട്ട് ഷൊർണൂരിൽ നിന്ന് എട്ടര-ഒമ്പതോടെ കെ റെയിലിൽ കയറാം. ഒരു റിസർവേഷനും ആവശ്യമില്ല. നേരെ അങ്ങു കയറാം. ചെറിയ ചാർജേ ഉള്ളൂ’.

‘കൊച്ചിയിലാണ് നിങ്ങളുടെ മാർക്കറ്റ്. എത്ര മിനിറ്റ് വേണം കൊച്ചിയിലേക്ക്. പത്തോ ഇരുപത്തഞ്ചോ മിനിറ്റ് മതി. 25 മിനിറ്റുകൊണ്ട് കൊച്ചിയിലെത്തി. അര മണിക്കൂർ കൂട്ടിക്കോളൂ. കൊച്ചിയിൽ അപ്പം വിൽക്കാം. ചൂടപ്പം അല്ലേ അര മണിക്കൂർ കൊണ്ട് നല്ലോണം വിറ്റുപോകും. ഏറ്റവും നല്ല മാർക്കറ്റാണ് കൊച്ചിയിലേത്. പൈസയും വാങ്ങി കൊട്ടയുമായി ഒരു ചായയും കുടിച്ച് അവിടെ നിന്ന് കയറുക. ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനാവുമ്പോഴേക്ക് കൂറ്റനാട് എത്താം. ഇതാണ് കെ റെയിൽ വന്നാലുള്ള സൗകര്യം’ എന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.

Share
Leave a Comment