ആലപ്പുഴ: എസ്ഡിപിഐ ബന്ധം ആരോപിക്കപ്പെടുന്ന ചെറിയനാട് എൽസി സെക്രട്ടറി ഷീദ് മുഹമ്മദിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബ്രാഞ്ച് സെക്രട്ടറി ലിജോ ജോയി. സഖാക്കൾ ചന്ദനക്കുറി തൊടുന്നതിനെ ഷീദ് മുഹമ്മദ് നിരന്തരം വിമർശിച്ചിരുന്നതായി ലിജോ ജോയി വെളിപ്പെടുത്തി. സ്വന്തം പിതാവ് മുസ്ലീം തൊപ്പി ധരിച്ച് സിപിഎം പതാക ഉയർത്തിയപ്പോൾ അത് പ്രോത്സാഹിക്കുന്ന നിലപാടാണ് ഷീദ് സ്വീകരിച്ചത്. വർഗീയ ശത്രുക്കളുമായി കൂട്ടുകൂടി. എതിർത്ത സഖാക്കളെ വ്യക്തിഹത്യ ചെയ്യുന്നതായിരുന്നു ഷീദിന്റെ രീതിയെന്നും ലിജോ ജോയി രാജിക്കത്തിൽ പറയുന്നു.
വർഗീയ ശക്തികൾക്ക് വേരോട്ടമുള്ള ചെറിയനാട്ടിൽ അതിനെതിരെ പ്രതികരിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇതിന് കാരണം ഷീദാണ്. ഇതിനെ ചോദ്യം ചെയ്ത താൻ ഉൾപ്പെടെയുള്ളവരോട് ബിജെപിയിലേക്ക് പോകാൻ പറഞ്ഞു. പലതവണ ഏരിയാ കമ്മിറ്റിയിൽ സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടു. എന്നിട്ടും ഫലമുണ്ടായില്ലെന്നും കോരണ്ടിപ്പളളിശ്ശേരി ബ്രാഞ്ച് സെക്രട്ടറി സ്ഥാനം രാജിവെച്ചുകൊണ്ട് ലിജോ ജോയി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ജില്ലയിലെ ചെറിയനാട് സൗത്ത് ലോക്കൽ കമ്മറ്റിയിലെ 38 സിപിഎം അംഗങ്ങൾ പാർട്ടി വിട്ടത്. ലോക്കൽ കമ്മറ്റി സെക്രട്ടറി ഷീദ് മുഹമ്മദിന് പോപ്പുലർ ഫ്രണ്ട് – എസ്ഡിപിഐ ബന്ധമുള്ളത് ചൂണ്ടിക്കാട്ടിയായിരുന്നു കൂട്ടരാജി. പാർട്ടി വിട്ടവരിൽ നാല് ബ്രാഞ്ച് സെക്രട്ടറിമാരും ഉൾപ്പെടുന്നു.
ലോക്കൽ സെക്രട്ടറി ഷീദ് മുഹമ്മദിനൊപ്പം പോപ്പുലർ ഫണ്ട് നേതാവ് നിൽക്കുന്ന ചിത്രം പുറത്തായതോടെ ആണ് പ്രതിഷേധം കനത്തത്. എബിവിപി പ്രവർത്തകർ വിശാൽ വധക്കേസിലെ രണ്ടാംപ്രതിയാണ് എൽസി സെക്രട്ടറിയുടെ സുഹൃത്തായ പോപ്പുലർ ഫ്രണ്ട് ഭീകരൻ. ഇയാൾ ഷീദ് മുഹമ്മദിന്റെ ബിസിനസ് പങ്കാളി കൂടിയാണെന്നും സിപിഎം പ്രവർത്തകർ ആരോപിക്കുന്നു.
Comments